IPL
ഒരുത്തന്‍ ഇവിടുന്ന് റെക്കോഡ് നേടുമ്പോള്‍ മറ്റൊരുത്തന്‍ അവിടുന്നും നേടുന്നു; രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ആഘോഷരാവ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 14, 02:37 pm
Tuesday, 14th June 2022, 8:07 pm

സ്വപ്‌നതുല്യമായ കുതിപ്പാണ് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ 2022ല്‍ നടത്തിയത്. ജോസ് ബട്‌ലറിന്റെ ഓറഞ്ച് ക്യാപ്പും ചഹലിന്റെ പര്‍പ്പിള്‍ ക്യാപ്പും ടീമിനെ ഒരിക്കല്‍ക്കൂടി ഫൈനലിലെത്തിച്ച സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയും തുടങ്ങി ഓരോ രാജസ്ഥാന്‍ ആരാധകനും ഓര്‍ത്തിരിക്കാനുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ നല്‍കിയാണ് രാജസ്ഥാന്‍ സീസണിനോട് വിട പറഞ്ഞത്.

വോണിന് ശേഷം സഞ്ജു സാംസണ് കപ്പുയര്‍ത്താനായില്ലെങ്കിലും മികച്ച ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ ഐ.പി.എല്‍ 2022 രാജസ്ഥാനെ തുണച്ചിരുന്നു. ഈ ടീം സ്പിരിറ്റ് തന്നെയാണ് താരങ്ങളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തിയതും.

ഐ.പി.എല്ലിന് ശേഷം ഒരിക്കല്‍ക്കൂടി രാജസ്ഥാന്‍ താരങ്ങള്‍ തങ്ങളുടെ മിന്നുന്ന പ്രകടനം വീണ്ടും പുറത്തെടുത്തിരിക്കുകയാണ്. അന്ന് പിങ്ക് ജേഴ്‌സിയിലാണെങ്കില്‍ ഇന്ന് ദേശീയ ടീം ജേഴ്‌സിയിലാണ് എന്ന വ്യത്യാസം മാത്രമാണുള്ളത്.

ട്രന്റ് ബോള്‍ട്ടിന്റെ നേട്ടമാണ് ഇക്കൂട്ടത്തില്‍ പ്രധാനമായും എടുത്തുപറയേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്നെ ഒരു മൈല്‍ സ്റ്റോണാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ബോള്‍ട്ട് മറികടന്നിരിക്കുന്നത്.

11ാം നമ്പറിലിറങ്ങി ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കുന്ന താരം എന്ന റെക്കോഡിലാണ് ബോള്‍ട്ട് തന്റെ പേരെഴുതി ചേര്‍ത്തിരിക്കുന്നത്. 640 റണ്‍സാണ് താരം 11ാം നമ്പറില്‍ നിന്നും സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓപ്പണറായ യശസ്വി ജെയ്‌സ്വാളിന്റെ വകയാണ് മറ്റൊരു മികച്ച പ്രകടനം എത്തിയിരിക്കുന്നത്. രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് ജെയ്‌സ്വാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും മുംബൈയുടെയും പേരും പെരുമയും ഉയര്‍ത്തിയത്.

ഇതിന് പുറമെ പലതാരങ്ങളും തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്.

ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ഡാരില്‍ മിച്ചല്‍ 131 പന്തില്‍ നിന്നും 62 റണ്‍സുമായി ടീം ഇന്നിങ്‌സില്‍ മികച്ച സംഭാവനയാണ് നല്‍കിയത്. ജിമ്മി നീഷവും ഇപ്പോള്‍ കളിക്കുന്ന ഫ്രാഞ്ചൈസി ലീഗില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 30 പന്തില്‍ നിന്നും 250 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താവാതെ 75 റണ്‍സാണ് താരം സ്വന്തമാക്കിയത്.

രാജസ്ഥാന്‍ നിരയിലെ പേസര്‍ ഒബെഡ് മക്കോയ്‌യാണ് മറ്റൊരു മികച്ച പ്രകടനത്തിനുടമ. സസെക്‌സും സോമര്‍സെറ്റും തമ്മിലുള്ള മത്സരത്തില്‍ 33 റണ്‍സ് വഴങ്ങി 5 വിക്കറ്റാണ് താരം സ്വന്തമാത്തിയത്.

അടുത്ത സീസണിലും ഈ താരങ്ങളെയെല്ലാം ടീമിനൊപ്പം തന്നെ നിലനിര്‍ത്താനാവും രാജസ്ഥാന്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ഐ.പി.എല്‍ 2023ലും രാജസ്ഥാന്റെ പടയോട്ടം കാണാമെന്നുറപ്പാണ്.

 

Content Highlight: Rajasthan Royals stars with their incredible performance for various teams