ഐ.പി.എല്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സ് തിരികെ ടീമിലെത്തിച്ച താരമാണ് റിയാന്‍ പരാഗ്. ഓള്‍റൗണ്ടറാണെന്ന് സ്വയം പറയുമെങ്കിലും ബാറ്റിംഗിലും ബൗളിംഗിലും കാര്യമായി ഒന്നും ചെയ്യാന്‍ പരാഗിനായിട്ടില്ല. എന്നാല്‍ ഫീല്‍ഡിങില്‍ മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
രാജസ്ഥാന് വേണ്ടി എല്ലാ മത്സരത്തിലും കളത്തിലിറങ്ങിയ പരാഗിന്, ഒരു അര്‍ധ സെഞ്ച്വറിയടക്കം 183 റണ്‍സ് മാത്രമാണ് സ്വന്തമാക്കാനായത്.
ഇപ്പോഴിതാ, അടുത്ത സീസണില്‍ താന്‍ എന്താണ് ചെയ്യാന്‍ പോവുന്നത് എന്നതിനെ കുറിച്ച് പറയുകയാണ് റിയാന്‍ പരാഗ്. അടുത്ത സീസണില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറിലെ ആറ് – ഏഴ് സ്ഥാനങ്ങളില്‍ കളിക്കണമെന്നും ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി ചെയ്തതെന്തോ അത് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും പരാഗ് പറയുന്നു.
സ്‌പോര്‍ട്‌സ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
‘ഞാന്‍ പലതും പഠിക്കുകയാണ്. ബാറ്റിംഗില്‍ ആറ് – ഏഴ് സ്ഥാനത്ത് കളിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ആളുകള്‍ വിചാരിക്കുന്നത് നിങ്ങള്‍ ക്രീസിലെത്തുകയും ടെന്‍ഷനൊന്നുമില്ലാതെ സിക്‌സറടിച്ചുകൂട്ടുകയും ചെയ്യുമെന്നാണ്. എന്നാല്‍ ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല.
ഞാന്‍ ചില മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്, ഇതിലും മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുമെന്ന് എനിക്കറിയാം. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എനിക്ക് ഒരുപാട് പഠിക്കാനുണ്ട്.
ഇപ്പോള്‍ കളിക്കുന്ന പൊസിഷനില്‍ ഞാന്‍ ഹാപ്പിയാണ്. ഞാന്‍ എന്റെ ബാറ്റിംഗ് ഓര്‍ഡറില്‍ തൃപ്തനാണെങ്കിലും എന്റെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ല,’ പരാഗ് പറയുന്നു.
തനിക്ക് ആറ് – ഏഴ് പൊസിഷനില്‍ ആധിപത്യം നേടണമെന്നും ലോകത്ത് ധോണി മാത്രമാണ് ആ പൊസിഷനില്‍ കളിച്ചുകൊണ്ട് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളതെന്നും പരാഗ് പറയുന്നു.
‘എനിക്ക് ആറ് – ഏഴ് പൊസിഷന്‍ സ്വന്തമാക്കണം. ലോക ക്രിക്കറ്റില്‍ ധോണി മാത്രമാണ് ആ പൊസിഷനില്‍ കളിച്ച് നേട്ടമുണ്ടാക്കിയിട്ടുള്ളത്. ആ പൊസിഷനെ കുറിച്ചാലോചിക്കുമ്പോള്‍ എനിക്ക് അദ്ദേഹത്തെ അല്ലാതെ മറ്റാരെയും സങ്കല്‍പിക്കാന്‍ സാധിക്കില്ല.
ഞാന്‍ കരുതുന്നത് ആ പാതയില്‍ തന്നെ സഞ്ചരിക്കാനാണ്. ഞാന്‍ ഇത്രയും നാള്‍ നേടിയതെന്തോ, അത് അടുത്ത സീസണില്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിക്കും,’ പരാഗ് പറയുന്നു.
അടുത്ത സീസണിലും താരം രാജസ്ഥാന്‍ റോയല്‍സിനൊപ്പം തന്നെയുണ്ടാകുമെന്നാണ് സൂചനകള്‍. റിയാന്‍ പരാഗിനെ വിട്ടുകളയാന്‍ ഒരുക്കമല്ല എന്ന തരത്തില്‍ രാജസ്ഥാന്റെ ബൗളിംഗ് കോച്ച് ലസിത് മലിംഗയടക്കമുള്ള താരങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു.
Content Highlight: Rajasthan Royals star Riyan Parag Says He Wants To Do Well At Number 6 Or 7 Like MS Dhoni