| Monday, 2nd May 2022, 3:00 pm

ഏറ്റവും മികച്ച ബാറ്ററാര്? കോഹ്‌ലിയുമല്ല രോഹിത്തുമല്ല, മലയാളി താരത്തിന്റെ പേര് പറഞ്ഞ് ഞെട്ടിച്ച് ട്രെന്റ് ബോള്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് ട്രന്റ് ബോള്‍ട്ട്. ഏത് ഫോര്‍മാറ്റിലും ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം കാണികള്‍ക്കും ആരാധകര്‍ക്കും തന്റെ ബൗളിംഗിന്റെ ആവേശം ഒരുപോലെ പകര്‍ന്നുനല്‍കുന്നതിലും മിടുക്കനാണ്.

ഐ.പി.എല്‍ 2022ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് നിരയുടെ സര്‍വസൈന്യാധിപനാണ് ബോള്‍ട്ട്. രാജസ്ഥാന് വേണ്ടിയുള്ള പ്രകടനം ബോള്‍ട്ടിന് ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

ഇപ്പോഴിതാ, തനിക്കെതിരെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബാറ്ററെ കുറിച്ച് തുറന്നുപറയുകയാണ് ബോള്‍ട്ട്. ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോള്‍ട്ട് മനസുതുറക്കുന്നത്.

എണ്ണം പറഞ്ഞ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ ഒരുപാടുണ്ടായിട്ടും തന്നെ ഞെട്ടിച്ചത് രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം കരുണ്‍ നായരാണെന്നാണ് ബോള്‍ട്ട് പറയുന്നത്.

ഒരിക്കല്‍ പോലും ബോള്‍ട്ട് ഒരു അന്താരാഷ്ട്ര മത്സരത്തിലോ ഐ.പി.എല്ലിലോ കരുണിനെതിരെ പന്തെറിഞ്ഞിട്ടില്ല എന്നതാണ് ഇതിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന വസ്തുത. പ്രാക്ടീസ് സെഷനില്‍ നെറ്റ്‌സില്‍ മാത്രമാണ് ബോള്‍ട്ട് കരുണിനായി ഇതുവരെ പന്തെറിഞ്ഞിട്ടുള്ളത്.

നെറ്റ്‌സില്‍ തന്നെ നേരിടുന്നതില്‍ കരുണിന് അസാമാന്യമായ പ്രതിഭയുണ്ടെന്നാണ് ബോള്‍ട്ട് പറയുന്നത്. തന്റെ പന്തുകളെ മികച്ച രീതിയില്‍ തന്നെ കളിക്കാന്‍ കരുണിന് സാധിക്കുന്നുണ്ടെന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒരു കളിയില്‍ പോലും കരുണ്‍ നായര്‍ക്കെതിരെ പന്തെറിഞ്ഞിട്ടില്ല. എന്നാല്‍ നെറ്റ്‌സില്‍ ഞാന്‍ എറിയുന്ന ഏത് പന്തും അദ്ദേഹം മനോഹരമായി കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള മികച്ച താരം ആരാണെന്ന് എന്നോട് ചോദിച്ചാല്‍ ഞാന്‍ കരുണിന്റെ പേര് പറയും,’ ബോള്‍ട്ട് പറയുന്നു.

ഇന്ത്യയ്ക്കായി ടെസ്റ്റില്‍ തന്റെ അസാമാന്യ പ്രതിഭ പുറത്തെടുത്ത താരമാണ് കരുണ്‍ നായര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ലെജന്‍ഡ് വിരേന്ദര്‍ സേവാഗിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരവും കരുണ്‍ മാത്രമാണ്. 2016ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കരുണ്‍ സ്വപ്ന നേട്ടത്തിലേക്ക് നടന്നുകയറിയത്.

2017ലാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ഓസീസിനെതിരായ ടെസ്റ്റ് – ഏകദിന പരമ്പയിലായിരുന്നു കരുണ്‍ അവസാനമായി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞത്.

കഴിഞ്ഞ സീസണില്‍ കെ.കെ.ആറിന്റെ താരമായിരുന്ന കരുണ്‍ നായരെ 1.4 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. എന്നാല്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് കരുണിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ആ മത്സരത്തില്‍ താരത്തിന് വേണ്ട പോലെ തിളങ്ങാനുമായില്ല.

എന്നാല്‍, വരാനിരിക്കുന്ന മത്സരങ്ങളില്‍ കരുണ്‍ ടീമിന്റെ ഭാഗമാവാന്‍ സാധ്യതയുണ്ടെന്ന് ടീം വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.

Content highlight: Rajasthan Royals star pacer Trent Bolt about his favorite batter

We use cookies to give you the best possible experience. Learn more