| Saturday, 13th August 2022, 9:42 am

സഞ്ജുവില്ല, റോയല്‍സിന് ഇനി പുതിയ നായകന്‍; പുതിയ ക്യാപ്റ്റന് കീഴില്‍ കളിക്കാനൊരുങ്ങി ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ രാജസ്ഥാന്‍ റോല്‍സിന്റെ ഉടമകളായ റോയല്‍സ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ ടീമിനെ പ്രഖ്യാപിച്ചു. പാള്‍ റോയല്‍സ് (Paarl Royals) എന്ന്‌ പേരിട്ടിരിക്കുന്ന പുതിയ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ ടീമിലെ ആദ്യത്തെ സൈനിങ്ങുകളെ കുറിച്ചും ടീം അറിയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് ബാറ്ററും ഇംഗ്ലണ്ട് നായകനുമായ ജോസ് ബട്‌ലറാണ് ടീമിന്റെ പ്രധാന സൈനിങ്ങുകളിലൊന്ന്.

ഐ.പി.എല്‍ കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ മുമ്പനും ഓറഞ്ച് ക്യാപ് ഹോള്‍ഡറുമായ ബട്‌ലറിനെ ടീമിലെത്തിച്ച് തങ്ങള്‍ എന്തിനും തയ്യാറാണെന്ന സൂചനയാണ് റോയല്‍സ് നല്‍കിയിരിക്കുന്നത്.

ബട്‌ലറിന് പുറമെ സൗത്ത് ആഫ്രിക്കയുടെ വമ്പനടി വീരന്‍ കില്ലര്‍ മില്ലര്‍ എന്ന ഡേവിഡ് മില്ലറിനെയും റോയല്‍സ് ടീമിലെത്തിച്ചിട്ടുണ്ട്. മില്ലറായിരിക്കും ടീമിന്റെ നായകന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മില്ലറിനും ബട്‌ലറിനും പുറമെ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഒബെഡ് മക്കോയ്‌യേയും സൗത്ത് ആഫ്രിക്കന്‍ സെന്‍സേഷന്‍ കോര്‍ബിന്‍ ബോഷിനെയും റോയല്‍സ് ടീമിലെത്തിച്ചിട്ടുണ്ട്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തന്നെ താരമാണ് മക്കോയ്.

‘2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ടി-20 ലീഗില്‍ റോയല്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് അവരുടെ ടീമിന്റെ പേര് പ്രഖ്യാപിച്ചു. പാള്‍ റോയല്‍സ് എന്ന് പേരിട്ടിരിക്കുന്ന ടീം വരാനിരിക്കുന്ന സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ മത്സരിക്കും,’ ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

‘സൗത്ത് ആഫ്രിക്കയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ പാളില്‍ നിന്നുള്ള ടീമാണ് പാള്‍ റോയല്‍സ്. മികച്ച പ്രവര്‍ത്തന സൗകര്യവും ലോജിസ്റ്റിക് സൗകര്യവുമുള്ള പാളിലെ ബൈലാന്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം ടൂര്‍ണമെന്റില്‍ ടീമിന്റെ ഹോം ഗ്രൗണ്ടായിരിക്കും,’ പ്രസ്താവനയില്‍ പറയുന്നു.

ഐ.പി.എല്ലിന് പുറമെ കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്ന സി.പി.എല്ലിലും റോയല്‍ സ്‌പോര്‍ട്‌സിന് ടീമുണ്ട്. മുമ്പ് ബാര്‍ബഡോസ് ട്രൈഡന്റ്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബാര്‍ബഡോസ് റോയല്‍സാണ് സി.പി.എല്ലില്‍ റോയല്‍ സ്‌പോര്‍ട്‌സിന്റെ ടീം.

നേരത്തെ ഡേവിഡ് മില്ലറിനെ ബാര്‍ബഡോസ് റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനമേല്‍പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാള്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും മില്ലറിന്റെ കൈകളില്‍ ഏല്‍പിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ സീസണുകളില്‍ നായകനായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറിനെ മാറ്റിയാണ് മില്ലറിനെ റോയല്‍സ് നായകനായി തെരഞ്ഞെടുത്തത്. എന്നാലും അദ്ദേഹം ടീമിന്റ പ്രധാന കളിക്കാരനായി തുടരും.

മില്ലര്‍ അവസാനമായി സി.പി.എല്‍ കളിച്ചത് 2018-ല്‍ ജമൈക്ക താല്ലവാസിന് വേണ്ടിയായിരുന്നു. 2016-ല്‍ സെന്റ് ലൂസിയ സൂക്‌സിന് വേണ്ടിയും അദ്ദേഹം കളിച്ചിരുന്നു.

Content Highlight: Rajasthan Royals star Jos Buttler is the new signing of Paarl Royals

Latest Stories

We use cookies to give you the best possible experience. Learn more