ഐ.പി.എല്‍ മാമാങ്കം തുടങ്ങാന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം വിവിധ ഫ്രാഞ്ചൈസികളിലെ താരങ്ങള്‍ വമ്പന്‍ തയ്യാറെടുപ്പിലാണ്.
ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരം എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സും വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമായിട്ടാണ്. മാര്‍ച്ച് 24നാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ലക്‌നൗ സൂപ്പര്‍ ജെയിന്റ് ആണ് എതിരാളികള്‍.
മത്സരത്തിന് മുന്നോടിയായി രാജസ്ഥാന്‍ ടീമിലെത്തുന്ന താരങ്ങളെ സ്വീകരിക്കുന്ന വീഡിയോ ഫ്രാഞ്ചൈസി സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ടീമിന്റെ സ്റ്റാര്‍ സ്പിന്നറും ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരയുടെ നട്ടെല്ലുമായ അശ്വിനെ വളരെ വ്യത്യസ്തമായ രീതിയിലാണ് രാജസ്ഥാന്‍ സ്വാഗതം ചെയ്തത്.
അശ്വിന്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്റെ 100ാം മത്സരം പിന്നിടുകയും 500 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ നിര്‍ണായക നേട്ടം കൈവരിച്ച താരത്തിന് ടീം ഒരു കിടിലന്‍ സര്‍പ്രൈസാണ് ഒരുക്കിയത്.
മുറിയിലെത്തിയ താരത്തിന് ടീമിലെ അംഗങ്ങളും താരങ്ങളും ടി.വിയില്‍ ആശംസ അറിയിക്കുകയായിരുന്നു. ആദ്യം സ്‌ക്രീനില്‍ എത്തിയത് പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ട് ആയിരുന്നു. പിന്നീട് ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ യശസ്വി ജെയ്‌സ്വാള്‍ തുടങ്ങിയ താരങ്ങള്‍ 500 വിക്കറ്റ് സ്വന്തമാക്കിയ അശ്വിന് ആശംസകള്‍ നല്‍കി മുന്നോട്ട് വന്നിരുന്നു.
‘ആശംസകള്‍ ആഷ് ഭായി, ഡ്രസ്സിങ് റൂം നിങ്ങളുടെ കൂടെ ഷെയര്‍ ചെയ്യുന്നത് രസമാണ്, നിങ്ങളുടെ അനുഭവസമ്പത്ത് വളരെ പ്രയോജനമാണ്,’ ജെയ്‌സ്വാള്‍ പറഞ്ഞു.
Content Highlight: Rajasthan Royals Special Welcome For R. Ashwin