| Friday, 22nd March 2024, 3:53 pm

രാജസ്ഥാന്റെ അഞ്ഞൂറാന് സഞ്ജുവിന്റെ വക സ്‌പെഷ്യല്‍ സര്‍പ്രൈസ്; ഐ.പി.എല്ലിന് മുമ്പ് രാജസ്ഥാന്‍ ക്യാമ്പിലെ കാഴ്ചകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍ നായകന്‍ സഞ്ജു സാംസണിന്റെ ആവനാഴിയിലെ ഏറ്റവും മൂര്‍ച്ചയേറിയ അസ്ത്രമാണ് ആര്‍. അശ്വിന്‍. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ഒരുപോലെ എതിരാളികളെ ഞെട്ടിക്കുന്ന അശ്വിനെ കൂടുതല്‍ അപകടകാരിയാക്കുന്നത് താരത്തിന്റെ ക്രിക്കറ്റ് ബ്രെയ്ന്‍ തന്നെയാണ്. ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും തിളങ്ങിയതും ഇപ്പോഴും മങ്ങാതെ തിളങ്ങുന്നതും പകരം വെക്കാനില്ലാത്ത ആ കൂര്‍മബുദ്ധി കാരണമാണ്.

ഐ.പി.എല്ലിന് തൊട്ടുമുമ്പ് നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ പല കരിയര്‍ മൈല്‍സ്റ്റോണുകളും രാജസ്ഥാന്റെ തുറുപ്പ് ചീട്ട് താണ്ടിയിരുന്നു. ടെസ്റ്റ് ഫോര്‍മാറ്റിലെ 500 വിക്കറ്റ് നേട്ടവും ഇന്ത്യക്കായി നൂറാം ടെസ്റ്റ് മത്സരവും അതില്‍ ചിലത് മാത്രമാണ്.

ഇപ്പോള്‍ ടെസ്റ്റ് ഫോര്‍മാറ്റിലെ 500 വിക്കറ്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ അശ്വിനോടുള്ള തങ്ങളുടെ സ്‌നേഹം വീണ്ടും വ്യക്തമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സും നായകന്‍ സഞ്ജു സാംസണും.

ഐ.പി.എല്ലിന്റെ 17ാം എഡിഷന് മുമ്പ് താരത്തിന്റെ 500 വിക്കറ്റ് നേട്ടത്തെ കുറിക്കുന്ന തരത്തില്‍ 500 എന്നെഴുതിയ ജേഴ്‌സിയാണ് സഞ്ജു അശ്വിന് സമ്മാനിച്ചത്.

ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സ് ഒരുക്കിയ ഈ പ്രത്യേക ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അശ്വിനെ സഞ്ജുവും സഹതാരങ്ങളും വണങ്ങുന്നതും അശ്വിന്‍ സഞ്ജുവിനെ കെട്ടിപ്പിടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സാക് ക്രോളിയെ വീഴ്ത്തിയാണ് അശ്വിന്‍ 500 വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ചത്. ഇതിഹാസ താരം അനില്‍ കുംബ്ലെക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് അശ്വിന്‍.

നേരത്തെ അശ്വിന്‍ രാജസ്ഥാന്‍ ക്യാമ്പില്‍ ജോയിന്‍ ചെയ്തപ്പോഴും സഞ്ജുവും കൂട്ടരും സര്‍പ്രൈസ് ഒരുക്കിയിരുന്നു. ഇതിന്റെ വീഡിയോയും രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചിട്ടുണ്ട്.

മാര്‍ച്ച് 24നാണ് രാജസ്ഥാന്റെ ആദ്യ മത്സരം. തങ്ങളുടെ ഹോം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content highlight: Rajasthan Royals’ special gift to R Ashwin

We use cookies to give you the best possible experience. Learn more