2021ലേ അങ്ങേര്‍ പറഞ്ഞതാ... ചെറുക്കനത് വീണ്ടും വീണ്ടും ചെയ്തു കാണിക്കുന്നു; ഇന്ത്യന്‍ ഇതിഹാസമേ, നിങ്ങളോട് ഇവന്‍ നീതി പുലര്‍ത്തുകയാണ്
IPL
2021ലേ അങ്ങേര്‍ പറഞ്ഞതാ... ചെറുക്കനത് വീണ്ടും വീണ്ടും ചെയ്തു കാണിക്കുന്നു; ഇന്ത്യന്‍ ഇതിഹാസമേ, നിങ്ങളോട് ഇവന്‍ നീതി പുലര്‍ത്തുകയാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th April 2023, 5:38 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം ഹോം മാച്ചില്‍ ബാറ്റിങ് അവസാനിപ്പിച്ചിരിക്കുകയാണ്. 79 റണ്‍സ് നേടിയ ജോസ് ബട്‌ലറിന്റെയും 60 റണ്ണടിച്ച യശസ്വി ജെയ്‌സ്വാളിന്റെയും ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍ 199 റണ്‍സിലെത്തിയത്.

മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറയിടിച്ചു തുടങ്ങിയ ജെയ്‌സ്വാള്‍ ആദ്യ ഓവറില്‍ ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ അഞ്ച് ബൗണ്ടറിയാണ് അടിച്ചുകൂട്ടിയത്. ഫോമിന്റെ പാരമ്യതയിലുള്ള പ്രകടനമായിരുന്നു രാജസ്ഥാന്റെ യങ് സെന്‍സേഷന്‍ പുറത്തെടുത്തത്.

31 പന്തില്‍ നിന്നും 11 ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 193.55 എന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടച്ചുകൂട്ടിയ ജെയ്‌സ്വാളിന് അഭിന്ദന പ്രവാഹമാണ്.

ഇതിനിടെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ഒരു വീഡിയോ ചര്‍ച്ചയാകുകയാണ്. 2021ല്‍ ജെയ്‌സ്വാളിന്റെ പ്രാക്ടീസ് സെഷനിടെ പകര്‍ത്തിയ വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

ജെയ്‌സ്വാളിനെ ക്രിസ് മോറിസ്, ബേബി ഗാംഗുലി, ബേബി ദാദ എന്നെല്ലാം വിളിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. മോറിസ് 2021ല്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു എന്നാണ് ജെയ്‌സ്വാളിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയണ്. ജെയ്‌സ്വാള്‍ ഭാവിയിലെ ഗാംഗുലി തന്നെയാണെന്നാണ് ഇവര്‍ ഒന്നടങ്കം പറയുന്നത്.

അതേസമയം, നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ബട്‌ലറിനും ജെയ്‌സ്വാളിനും പുറമെ ഷിംറോണ്‍ ഹെറ്റ്‌മെയറും കിട്ടിയ മൂന്ന് പന്തില്‍ തകര്‍ത്തടിച്ച ധ്രുവ് ജുറേലുമാണ് രാജസ്ഥാനെ 199ലെത്തിച്ചത്.

 

ക്യാപ്പിറ്റല്‍സിനായി നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവും റോവ്മന്‍ പവലുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

 

Content Highlight: Rajasthan Royals shares old video of Yashasvi Jaiswal