ധോണിക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് പല ഉത്തരവും കാണും, എന്നാല്‍ സഞ്ജുവിന് ശേഷം ആര് എന്നതിന് ഇവന്‍ മാത്രം
IPL
ധോണിക്ക് ശേഷം ഇനിയാര് എന്ന ചോദ്യത്തിന് പല ഉത്തരവും കാണും, എന്നാല്‍ സഞ്ജുവിന് ശേഷം ആര് എന്നതിന് ഇവന്‍ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th May 2023, 3:01 pm

ഐ.പി.എല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് തയ്യാറെടുക്കുന്നത്. മെയ് അഞ്ചിന് രാജസ്ഥാന്റെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.

നിലവില്‍ ഒമ്പത് മത്സരത്തില്‍ നിന്നും അഞ്ച് വിജയവും നാല് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജസ്ഥാന്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം മാത്രമാണ് രാജസ്ഥാന്റെ ലക്ഷ്യം.

ഗുജറാത്തിനെതിരായ മത്സരത്തിന്റെ പ്രാക്ടീസ് സെഷനിലെ ഒരു വീഡിയോ ആണ് വൈറലാവുന്നത്. രാജസ്ഥാന്റെ യങ് സെന്‍സേഷന്‍ ധ്രുവ് ജുറെലിന്റെ വീഡിയോ ആണ് ഹല്ലാ ബോല്‍ ആര്‍മി പങ്കുവെച്ചിരിക്കുന്നത്.

സാധാകരണയായി നെറ്റ്‌സില്‍ പന്തടിച്ചു തെറിപ്പിക്കുന്ന താരം വിക്കറ്റ് കീപ്പിങ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണ് രാജസ്ഥാന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ആക്രോബാക്ടിക്‌സ് ക്യാച്ചിലൂടെ സഹതാരങ്ങളെ അത്ഭുതപ്പെടുത്തുകതയാണ് ജുറെല്‍. തകര്‍പ്പന്‍ ക്യാച്ച് കണ്ട് സഹതാരങ്ങള്‍ അവനെ അഭിന്ദിക്കുന്നതും, ക്യാച്ചെടുത്തതിന്റെ സന്തോഷത്തില്‍ താരം സെലിബ്രേറ്റ് ചെയ്യുന്നതും വീഡിയോയില്‍ കാണാം.

‘ഇന്‍കേസ് യൂ മിസ്ഡ് ഇറ്റ്: അവനൊരു വിക്കറ്റ് കീപ്പര്‍ കൂടിയാണ്,’ എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാന്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോക്ക് പിന്നാലെ നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് വീണ്ടും വീണ്ടും തെളിയുകയാണെന്നും ജുറെലിനെ ഉടന്‍ തന്നെ ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.

 

ഐ.പി.എല്ലില്‍ ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങി, രാജസ്ഥാന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം പിടിച്ച താരമാണ് ജുറെല്‍. രാജസ്ഥാന്റെ മധ്യനിരയിലെ വിശ്വസ്തനായ താരത്തിന്റെ ഓരോ പ്രകടനവും ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിട്ടുണ്ട്.

ഐ.പി.എല്ലില്‍ ഈ വര്‍ഷം അരങ്ങേറ്റം കുറിച്ച ജുറെല്‍ രാജസ്ഥാന് വേണ്ടി എട്ട് മത്സരങ്ങളില്‍ നിന്നുമായി 132 റണ്‍സാണ് നേടിയത്. 26.40 എന്ന ആവറേജിലും 191.30 എന്ന സ്‌ട്രൈക്ക് റേറ്റിലും റണ്ണടിച്ചുകൂട്ടുന്ന ജുറെലിന്റെ സീസണിലെ മികച്ച സ്‌കോര്‍ 34 ആണ്.

 

Content highlight: Rajasthan Royals shares a video of Dhruv Jurel practicing wicket keeping