ഐ.പി.എല്‍ 2023ലെ പ്ലേ ഓഫില്‍ സ്ഥാനമുറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ചാല്‍ മാത്രമാണ് രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുക.
മെയ് 11ന് കൊല്‍ക്കത്തക്കെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. കൊല്‍ക്കത്തയുടെ കളിത്തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം നടക്കുന്നത്. രാസ്ഥാന്റെ അതേ സ്ഥിതിയില്‍ തന്നെയാണ് കൊല്‍ക്കത്തയും എന്നുള്ളതിനാല്‍ തന്നെ ഈ മത്സരം തീ പാറുമെന്നുറപ്പാണ്.
ഈ പ്രഷര്‍ സിറ്റ്വേഷനില്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിലെ മലയാളി താരങ്ങളുടെ റാപ്പിഡ് ഫയറിന്റെ വീഡിയോ ആണ് ടീം തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സഞ്ജു സാംസണിനൊപ്പം കെ.എം. ആസിഫും ദേവ്ദത്ത് പടിക്കലുമാണ് വീഡിയോയിലുള്ളത്.
ഈ സെഗ്മെന്റില്‍ സഞ്ജുവിന്റെ ഹൃദയത്തിലേക്ക് എങ്ങനെയെത്താമെന്ന ചോദ്യവും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് ‘എന്നെ ചിരിപ്പിച്ചാല്‍ മതി’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
Sanju’s favourite song, teammate and lots more – thanks to host DDP! 😂💗
— Rajasthan Royals (@rajasthanroyals) May 10, 2023
ഇതുകേട്ട ദേവ്ദത്ത് ആസിഫിനെ നോക്കി ‘കളിക്കണമെങ്കില്‍ ചിരിപ്പിച്ചാല്‍ മതി’ എന്ന് പറയുകയായിരുന്നു. ഇതുകേട്ട് മൂവരും പൊട്ടിച്ചിരിക്കുകയും ചെയ്തു.
അതേസമയം, കൊല്‍ക്കത്തക്കെതിരെ നടക്കുന്ന മത്സരത്തിന്റെ മുന്നൊരുക്കത്തിലാണ് രാജസ്ഥാന്‍. ഈ മത്സരത്തില്‍ തോറ്റാല്‍ തങ്ങളുടെ ഈ സീസണിലെ യാത്ര അവസാനിക്കുമെന്ന് ഉറപ്പുള്ള സഞ്ജുവും സംഘവും വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജസ്ഥാന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിലായിരുന്നു ഓറഞ്ച് ആര്‍മി സഞ്ജുവിനെയും കൂട്ടരെയും കരയിച്ചത്.
സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിലെ പോരായ്മകളെല്ലാം തന്നെ പരിഹരിച്ച ശേഷമായിരിക്കും രാജസ്ഥാന്‍ നൈറ്റ് റൈഡേഴ്‌സിന്റെ മടയിലേക്കിറങ്ങുക.
നിലവില്‍ 11 മത്സരത്തില്‍ നിന്നും അഞ്ച് ജയവും ആറ് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് രാജസ്ഥാന്‍. ആറാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കും 11 മത്സരത്തില്‍ നിന്നും പത്ത് പോയിന്റാണുള്ളത്. ജയിക്കുന്ന ടീമിന് പ്ലേ ഓഫ് സാധ്യത ഊട്ടിയുറപ്പിക്കാന്‍ സാധിക്കുകയും തോറ്റ ടീം പുറത്താവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ തീ പാറുമെന്നുറപ്പാണ്.
Content Highlight: Rajasthan Royals shares a funny video