| Wednesday, 19th April 2023, 11:23 am

സഞ്ജുവിന്റെ വലംകൈ തിരിച്ചെത്തുന്നു? സസ്‌പെന്‍സിട്ട് രാജസ്ഥാന്‍, വണ്ടറടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവെക്കുന്നത്. കളിച്ച അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയവുമായാണ് രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

മികച്ച ടീമും തകര്‍പ്പന്‍ ബെഞ്ച് സ്‌ട്രെങ്തുമാണ് രാജസ്ഥാന്‍ റോയല്‍സിനുള്ളത്. ഈ സീസണില്‍ ഫൈനല്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീമുകളിലൊന്നും രാജസ്ഥാന്‍ തന്നെ.

ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. രാജസ്ഥാന്റെ പേസ് നിരയിലെ കരുത്തനായ പ്രസിദ്ധ് കൃഷ്ണയുടെ ജേഴ്‌സിയുടെ ചിത്രമാണ് രാജസ്ഥാന്‍ പങ്കുവെച്ചിരിക്കുന്നത്.

കൃത്യമായ ക്യാപ്ഷന്‍ ഒന്നും തന്നെ നല്‍കാതെയാണ് രാജസ്ഥാന്‍ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് എന്നതാണ് ആരാധകരില്‍ കണ്‍ഫ്യൂഷനുണ്ടാക്കുന്നത്.

പ്രസിദ്ധ് കൃഷ്ണ ടീമിലേക്ക് മടങ്ങിയെത്തുകയാണോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.

ഐ.പി.എല്‍ 2023ന് മുമ്പ് പരിക്കേറ്റ പ്രസിദ്ധിന് ഈ സീസണ്‍ പൂര്‍ണമായും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിദ്ധ് തന്നെയാണ് തനിക്ക് പരിക്കേറ്റ വിവരം ആരാധകരുമായി പങ്കുവെച്ചതും. കുറേനാളുകള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

പത്ത് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരമായിരുന്നു പ്രസിദ്ധ്. ഐ.പി.എല്‍ 2023ല്‍ രാജസ്ഥാന്റെ പേസാക്രമണങ്ങളില്‍ കാര്യമായ പങ്കുവഹിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സീസണിലെ 17 മത്സരത്തില്‍ നിന്നും 29 ആവറേജില്‍ 19 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. 8.29 എക്കോണമിയും 21.00 സ്ട്രൈക്ക് റേറ്റുമായിരുന്നു പ്രസിദ്ധിനുണ്ടായിരുന്നത്.

കഴിഞ്ഞ സെപ്റ്റംബറിലും താരത്തിന് പരിക്കേറ്റിരുന്നു. പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം പ്രസിദ്ധ് കൃഷ്ണക്ക് ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായും വന്നിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് പ്രസിദ്ധ് കൃഷ്ണ അവസാനമായി ദേശീയ ടീമിന് വേണ്ടി കളിച്ചത്. ഇന്ത്യക്കായി 14 ഏകദിനം കളിച്ച താരം 25 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, സീസണിലെ ആറാം മത്സരത്തിനാണ് സഞ്ജുവും കൂട്ടരും ഇറങ്ങുന്നത്. സ്വന്തം കളിത്തട്ടകത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content Highlight: Rajasthan Royals shared a picture of the Prasidh s Krishna’s jersey

We use cookies to give you the best possible experience. Learn more