| Tuesday, 1st August 2023, 11:52 am

ഇനി ഡബിള്‍ സ്‌ട്രോങ്ങാവും, സഞ്ജുവിന്റെ വലം കൈ തിരിച്ചെത്തി, ടീം ഇന്ത്യക്കൊപ്പം സന്തോഷം പങ്കുവെച്ച് രാജസ്ഥാനും

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഐ.പി.എല്‍ 2023 ഒരു പാഠമായിരുന്നു. ആദ്യ മത്സരങ്ങളെല്ലാം വിജയിക്കുകയും പിന്നീടുള്ള മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെ പ്ലേ ഓഫ് കാണാതെ സഞ്ജുവും സംഘവും പുറത്തായിരുന്നു. പ്ലെയിങ് ഇലവനിലും ബാറ്റിങ് ഓര്‍ഡറിലും അനാവശ്യമായി നടത്തിയ പരീക്ഷണങ്ങളാണ് പ്രധാനമായും രാജസ്ഥാന് തിരിച്ചടിയായിത്.

പരീക്ഷണങ്ങള്‍ക്കൊപ്പം തന്നെ സൂപ്പര്‍ താരങ്ങളുടെ പരിക്കും രാജസ്ഥാനെ പിന്നോട്ട് വലിച്ചിരുന്നു. സീസണില്‍ രാജസ്ഥാന്റെ പേസ് ആക്രമണങ്ങില്‍ കരുത്താകുമെന്ന് കരുതിയ പ്രസിദ്ധ് കൃഷ്ണയുടെ പരിക്കാണ് രാജസ്ഥാന് തിരിച്ചടിയായ ഘടകങ്ങളിലൊന്ന്.

ഐ.പി.എല്‍ 2023ന് മുമ്പ് പരിക്കേറ്റ പ്രസിദ്ധിന് സീസണ്‍ പൂര്‍ണമായും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിദ്ധ് തന്നെയാണ് തനിക്ക് പരിക്കേറ്റ വിവരം ആരാധകരുമായി പങ്കുവെച്ചതും. കുറേനാളുകള്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

പത്ത് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ താരമായിരുന്നു പ്രസിദ്ധ്. ഐ.പി.എല്‍ 2023ല്‍ രാജസ്ഥാന്റെ പേസാക്രമണങ്ങളില്‍ കാര്യമായ പങ്കുവഹിക്കുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം.

എന്നാല്‍ പരിക്കിന്റെ പിടിയിലായതോടെ പ്രസിദ്ധിന് സീസണ്‍ പൂര്‍ണമായും നഷ്ടമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലും താരത്തിന് പരിക്കേറ്റിരുന്നു. പുറം ഭാഗത്തിനേറ്റ പരിക്ക് കാരണം പ്രസിദ്ധ് കൃഷ്ണക്ക് ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായും വന്നിരുന്നു.

എന്നാല്‍ താരം പരിക്കില്‍ നിന്നും മുക്തനായി വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ത്യന്‍ പതാക പുതച്ചുനില്‍ക്കുന്ന താരത്തിന്റെ ചിത്രം പങ്കുവെച്ച് പ്രസിദ്ധ് കൃഷ്ണ ഈസ് ബാക്ക് എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാന്‍ ആരാധകരുമായി സന്തോഷം പങ്കുവെച്ചത്.

ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലാണ് പ്രസിദ്ധ് കളിക്കാനൊരുങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സ് നാകന്‍ സഞ്ജു സാംസണും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും പര്യടനത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലാണ് പ്രസിദ്ധ് കൃഷ്ണ അവസാനമായി ദേശീയ ടീമിന് വേണ്ടി കളിച്ചത്. ഇന്ത്യക്കായി 14 ഏകദിനം കളിച്ച താരം 25 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് കരിയറിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. 5.32 എക്കോണമിയിലും 23.92 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. കളിച്ച 154 മത്സരത്തില്‍ നിന്നും നാല് വിക്കറ്റ് നേട്ടം രണ്ട് തവണയാണ് പ്രസിദ്ധ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Content Highlight: Rajasthan Royals share s Prasidh Krishna’s photo

We use cookies to give you the best possible experience. Learn more