ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്നും മുക്തനായി മടങ്ങിയെത്തുന്ന ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലാണ് ഇന്ത്യ അയര്‍ലന്‍ഡില്‍ പര്യടനം നടത്തുക. മൂന്ന് ടി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
സ്‌ക്വാഡില്‍ രാജസ്ഥാന്‍ റോയല്‍സിലെ മൂന്ന് താരങ്ങളും ഉള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍, സ്റ്റാര്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിനിടെ നടന്ന സംഭവത്തിന്റെ ക്ലിപ്പാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരിക്കുന്നത്.
അന്ന് രണ്ട് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരക്കായാണ് ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇന്ത്യ അയര്‍ലന്‍ഡിന്റെ മടിത്തിട്ടിലേക്കിറങ്ങിയത്. ആദ്യ മത്സരം കളിക്കാതിരുന്ന സഞ്ജു പരമ്പരയുടെ രണ്ടാം മത്സരത്തിലാണ് കളത്തിലിറങ്ങിയത്.
മത്സരത്തില്‍ സഞ്ജു കളിക്കുമെന്ന് ടീം ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യ പറയുമ്പോള്‍ അയര്‍ലന്‍ഡിലെ ക്രൗഡ് ഒന്നടങ്കം ആര്‍പ്പുവിളിച്ചിരുന്നു. ഈ വീഡിയോയാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
മത്സരത്തില്‍ ഓപ്പണറുടെ റോളിലിറങ്ങി തകര്‍ത്തടിച്ച സഞ്ജു 42 പന്തില്‍ ഒമ്പത് ഫോറിന്റെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 77 റണ്‍സ് നേടിയിരുന്നു. 183.33 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.
ഇതിന് പുറമെ മൂന്നാം വിക്കറ്റില്‍ ദീപക് ഹൂഡക്കൊപ്പം ചേര്‍ന്ന് റെക്കോഡും സഞ്ജു സൃഷ്ടിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ മൂന്നാം വിക്കറ്റില്‍ ഏറ്റവുമധികം റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് എന്ന റെക്കോഡായിരുന്നു അന്ന് സഞ്ജുവും ഹൂഡയും സ്വന്തമാക്കിയത്. (നിലവില്‍ ആ റെക്കോഡ് സ്‌കോട്‌ലാന്‍ഡ് താരങ്ങളായ ഒലി ഹാരിസിന്റെയും ബ്രാന്‍ഡന്‍ മക്മുള്ളന്റെയും പേരിലാണ്. പട്ടികയില്‍ രണ്ടാമതാണ് സഞ്ജുവും ഹൂഡയും).
കഴിഞ്ഞ പര്യടനത്തില്‍ നടത്തിയ അതേ ഡോമിനേഷന്‍ തന്നെ സഞ്ജുവിന് ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് രാജസ്ഥാന്‍ റോയല്‍സും ആരാധകരും പ്രത്യാശിക്കുന്നത്.
മൂന്ന് മത്സരങ്ങളാണ് ഇന്ത്യയുടെ ഐറിഷ് പര്യടനത്തിലുള്ളത്. പരമ്പരയിലെ ആദ്യ മത്സരം ദി വില്ലേജില്‍ നടക്കും.
അതേസമയം, ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ശേഷിക്കുന്ന മത്സരങ്ങളാണ് ഇനി സഞ്ജുവിന് മുമ്പിലുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന സഞ്ജുവിന് രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല.
മൂന്നാം ഏകദിനത്തില്‍ സഞ്ജു കളിച്ചേക്കുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഏകദിന പരമ്പരക്ക് ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും ഇന്ത്യ കളിക്കും. ഈ സ്‌ക്വാഡിലും സഞ്ജു ഉള്‍പ്പെട്ടിട്ടുണ്ട്.
Content Highlight: Rajasthan Royals share old clip from India’s tour of Ireland