ഐ.പി.എല്‍ 2022ലെ ഏറ്റവും മികച്ച ബൗളിംഗ് നിരയാണ് രാജസ്ഥാന്‍ റോയല്‍സിന്റേത്. ട്രന്റ് ബോള്‍ട്ടും യുവതാരങ്ങളായ പ്രസിദ്ധ് കൃഷ്ണയും കുല്‍ദിപ് സെന്നും അടങ്ങുന്ന പേസ് നിരയും വെറ്ററന്‍ സ്പിന്നര്‍ ആര്‍. അശ്വിനും കുത്തിത്തിരിപ്പിന്റെ ആശാനായ യുസ്വേന്ദ്ര ചഹലും അടങ്ങുന്ന കരുത്തരാണ് രാജസ്ഥാന്റെ ബൗളിംഗ് നിര.
പേസും സ്പിന്നും ഇത്രയേറെ ഒത്തിണങ്ങിയ ഒരു ടീം നിലവില്‍ ഐ.പി.എല്ലില്‍ ഉണ്ടോ എന്നുള്ള കാര്യവും സംശയമാണ്. രാജസ്ഥാന്റെ ബൗളിംഗ് നിരയ്‌ക്കൊപ്പം ബൗളിംഗ് കോച്ച് മലിംഗയും ചേരുമ്പോള്‍ ഐസിംഗ് ഓണ്‍ ദി കേക്ക് എന്ന പ്രതീതിയാണ് ക്രിക്കറ്റ് ലോകത്തിന്.
ഇപ്പോഴിതാ, രാജസ്ഥാന്‍ നിരയിലേക്ക് പുതിയ പേസ് ബൗളര്‍ ‘എത്തുകയാണ്’. രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച വീഡിയോയിലാണ് ‘പുതിയ പേസറെ’ കുറിച്ച് പറയുന്നത്.
റോയല്‍സിന്റെ ബൗളിംഗ് നിരയിലെ പടനായകനായ യുസ്വേന്ദ്ര ചഹലാണ് പുതിയ പേസര്‍. താരം മലിംഗയ്ക്ക് കീഴില്‍ യോര്‍ക്കര്‍ എറിയാന്‍ പഠിക്കാന്‍ തുടങ്ങുകയാണെന്നാണ് വീഡിയോയില്‍ പറയുന്നത്.
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചഹലിന്റെ സ്പിന്‍ യോര്‍ക്കര്‍ കാണാന്‍ കാത്തിരിക്കുന്നുവെന്നും ഉമ്രാന്‍ മാലിക്കിന്റെ ഏറ്റവും വേഗതയേറിയ പന്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ പോവുന്നത് ചഹല്‍ തന്നെയാവും തുടങ്ങിയ കമന്റുകളാണ് ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്.
നിലവില്‍ ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനാണ് ചഹല്‍. 8 മത്സരത്തില്‍ നിന്നും 18 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. ഇതില്‍ നാല് വിക്കറ്റ് നേട്ടം ഒരു തവണയും അഞ്ച് വിക്കറ്റ് നേട്ടം ഒരു തവയും ചഹല്‍ ആഘോഷിച്ചിട്ടുണ്ട്. ഇതിന് പുറമെ ഹാട്രിക്കും താരം നേടിയിട്ടുണ്ട്.
വരാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ സ്പിന്‍ നിരയെ നയിക്കുന്നത് ചഹല്‍ തന്നെയായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്.