| Friday, 1st April 2022, 2:17 pm

ഇന്ന് ഞങ്ങളെ നോക്കണ്ട; ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സന്ദേശവുമായി രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വിവാദമുണ്ടാക്കിയ ടീമായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.

ട്വിറ്ററിലെ ‘കളി കൂടിപ്പോയതിന്’ സഞ്ജു ടീമിനെ അണ്‍ഫോളോ ചെയ്തതും, ടീമിന്റെ മീഡിയ ഡിപ്പാര്‍ട്ടdമെന്റിനെ പിരിച്ചുവിട്ടതും ഒടുവില്‍ ഇതെല്ലാം ഫാന്‍സിനായി ഒരുക്കിയ പ്രാങ്കാണെന്ന് വെളിപ്പെടുത്തി ആരാധകരുടെ വക ആവശ്യത്തിന് വാങ്ങിക്കൂട്ടിയും രാജസ്ഥാന്‍ റോയല്‍സ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഇങ്ങനെ ഒന്ന് സംഭവിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതാതിരുന്ന ഫാന്‍സ് ഒന്നാകെ കലിപ്പായിരിക്കുകയായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടിയതോടെ എല്ലാം ചെറുതായെങ്കിലും ഒന്ന് ആറി തണുത്തിരിക്കുകയാണ്.

ഇപ്പോഴിതാ, ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആരാധകര്‍ക്കായി പുതിയ സന്ദേശവുമായെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ അഡ്മിന്‍.

‘ആജ് ഹമാരി തരഫ് മത് ദേഖ്‌നാ’ (ഇന്ന് ഞങ്ങളെ നോക്കണ്ടാ) എന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ കുറിച്ചത്.

ഇതിപ്പോള്‍ ഇന്ന് ഒരു ദിവസത്തേക്ക് രാജസ്ഥാന്റെ വക ഒരു പ്രാങ്കും ഉണ്ടാവില്ല എന്നാണോ, അതോ ഇനി നാളത്തേക്കുള്ള പ്രാങ്കിന്റെ ഭാഗമാണോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍.

എന്തൊക്കെയാണെങ്കിലും ഫാന്‍സിനെ ഇത്രത്തോളം എന്‍ഗേജ് ചെയ്യിക്കാന്‍ ഐ.പി.എല്ലില്‍ നിലവില്‍ ഒരു ടീമിനും സാധിക്കുന്നില്ല എന്നതും ഒരു ഫാക്ട് തന്നെയാണ്.

ശനിയാഴ്ചയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. ഉച്ച തിരിഞ്ഞ് 3.30ന് നവി മുംബൈയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

മികച്ച ഫോമില്‍ തുടരുന്ന സഞ്ജുവും കൂട്ടരും വിജയം തുടരാന്‍ കളത്തിലിറങ്ങുമ്പോള്‍ ആദ്യ ജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്.

Content Highlight: Rajasthan Royals send message yo Fans On April Fools day

We use cookies to give you the best possible experience. Learn more