Sports News
കെ.കെ.ആര്‍ കൈവിട്ടവനെ രാജസ്ഥാന്‍ പൊക്കി; 'ലോയല്‍റ്റി ഈസ് വെരി എക്സ്‌പെന്‍സീവ്'; താരത്തിന് പിന്തുണയുമായി സാച്ചി മര്‍വ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 26, 01:02 pm
Tuesday, 26th November 2024, 6:32 pm

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന കളിക്കാരനായിരുന്ന നിതീഷ് റാണയ്ക്ക് വലിയ നിരാശയായിരുന്നു ഐ.പി.എല്‍ 2025 താര ലേലം നല്‍കിയത്. 2018 മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (കെ.കെ.ആര്‍) വിശ്വസ്തനായ ഇടംകയ്യന്‍ ബാറ്ററെ ഫ്രാഞ്ചൈസി കൈവിട്ടു. ഇതോടെ ജിദ്ദയില്‍ നടന്ന ലേലത്തില്‍ 4.20 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് റാണയെ സ്വന്തമാക്കുകയായിരുന്നു.

കെ.കെ.ആര്‍ ഫ്രാഞ്ചൈസിക്കെതിരെ തുറന്നടിച്ച് ക്രിക്കറ്റ് താരത്തിന്റെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അറിയിച്ചു. കെ.കെ.ആറിനെ പരിഹസിച്ചുകൊണ്ട് റാണയുടെ ഭാര്യ സാച്ചി മര്‍വ ‘ലോയല്‍റ്റി ഈസ് വെരി എകസ്‌പെന്‍സീവ് ‘ എന്ന് എഴുതി പോസ്റ്റ് ചെയ്തു. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി.

കെ.കെ.ആര്‍ അവരുടെ ഏറ്റവും വിശ്വസ്തനായ കളിക്കാരോട് പെരുമാറിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു. റാണയ്ക്ക് വേണ്ടി കെ.കെ.ആര്‍ ഫ്രാഞ്ചൈസി റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിക്കാത്തത് ആരാധകരെയും അത്ഭുതപ്പെടുത്തി.

88 മത്സരങ്ങളില്‍ നിന്ന് 136.32 സ്ട്രൈക്ക് റേറ്റില്‍ 2,199 റണ്‍സ് നേടിയത് ഉള്‍പ്പെടെ കെ.കെ.ആറിന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയെങ്കിലും, ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. നിലവിലെ ചാമ്പ്യന്‍മാരുടെ ഇത്തരമൊരു നീക്കം ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ചോദ്യം ചെയ്യുന്നുമുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് റാണയെ വാങ്ങിയതിന് പിന്നാലെ ക്രിക്കറ്റ് താരം പിങ്ക് ഷര്‍ട്ട് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതേസമയം, റാണയും ഭാര്യയും കെ.കെ.ആറിനെ അണ്‍ഫോളോ ചെയ്യുകയും ഉണ്ടായി.

 

Content Highlight: Rajasthan Royals Selected Nitish Rana From KKR