| Tuesday, 26th November 2024, 7:26 pm

രാജസ്ഥാനും ദല്‍ഹിയും അവന് വേണ്ടി യുദ്ധം ചെയ്തു; നെറ്റ്‌സില്‍ ഒരോവറില്‍ 17 റണ്‍സടിക്കാന്‍ പറഞ്ഞു, പക്ഷെ നടന്നത് മറ്റൊന്ന്; വെളിപ്പെടുത്തലുമായി സഞ്ജീവ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് നടന്ന മെഗാലേലം അവസാനിച്ചപ്പോള്‍ സീസണില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വൈഭവ് സൂര്യവശിയെ ആയിരുന്നു. 13 വയസുള്ള താരത്തെ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി നല്‍കിയാണ് സ്വന്തമാക്കിയത്.

വൈഭവിന്റെ അടിസ്ഥാന വില 30 ലക്ഷം രൂപയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള യുദ്ധം അവസാനിച്ചത് 1.10 കോടി രൂപയിലായിരുന്നു. ഇപ്പോള്‍ വൈഭവിന്റെ പിതാവ് സഞ്ജീവ് ഐ.പി.എല്ലില്‍ മകനെ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ്. തന്റെ ഭൂമി വിറ്റാണ് വൈഭവിനെ സഞ്ജീവ് ക്രിക്കറ്റില്‍ എത്തിച്ചതെന്നും, നെറ്റ്‌സില്‍ മകന്‍ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയെന്നും പി.ടി.ഐയോട് സഞ്ജീവ് പറഞ്ഞു.

വൈഭവിന്റെ പിതാവ് സംസാരിച്ചത്

‘എന്റെ മകന്‍ അവന്റെ ഏറ്റവും മികച്ചത് തന്നു. 8 വയസുള്ളപ്പോള്‍ അണ്ടര്‍ 16 ഡിസ്ട്രിക്റ്റ് ട്രയല്‍സില്‍ അവന്‍ തന്റെ ക്ലാസ് കാണിച്ചു. ഞങ്ങള്‍ സമസ്തിപൂരിലേക്ക് കോച്ചിങ്ങിനും പോകുമായിരുന്നു, പിന്നീട് മടങ്ങും,

അവനെ ക്രിക്കറ്റ് താരമാക്കാന്‍ എനിക്ക് എന്റെ ഭൂമി വില്‍ക്കേണ്ടി വന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. നാഗ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സ് സംഘടിപ്പിച്ച ട്രയല്‍സില്‍ അവന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു.

വിക്രം റാത്തൂര്‍ സാര്‍ (ബാറ്റിംഗ് കോച്ച്) അവനോട് ഒരു ഓവറില്‍ 17 റണ്‍സ് എടുക്കാന്‍ പറഞ്ഞു, എന്റെ മകന്‍ മൂന്ന് സിക്സറുകള്‍ പറത്തി. ട്രയല്‍സില്‍ എട്ട് സിക്സും നാല് ഫോറും അടിച്ചു,’ വൈഭവിന്റെ പിതാവ് സഞ്ജീവ് പി.ടി.ഐയോട് പറഞ്ഞു.

ചെന്നൈയില്‍ നടന്ന ഓസ്ട്രേലിയ അണ്ടര്‍ 19ക്കെതിരെ യൂത്ത് ടെസ്റ്റില്‍ 62 പന്തില്‍ 104 റണ്‍സ് നേടി തിളങ്ങാന്‍ സൂര്യവംശിക്ക് സാധിച്ചു. ബീഹാറിന് വേണ്ടി രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ച താരത്തിന് ഭാവിയില്‍ മികച്ച താരമായി വളരാന്‍ കഴിയുന്ന സ്ഥലത്താണ് നിലവില്‍ എത്തിയത്.

യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലും സഞ്ജു സാംസണ്‍ എന്ന മികച്ച ക്യാപ്റ്റന്റെ മേല്‍ നോട്ടത്തിലും വൈഭവ് മിന്നും എന്നത് തീര്‍ച്ചയാണ്.

Content Highlight: Rajasthan Royals Selected 13 Years Old Player In IPL 2025

Latest Stories

We use cookies to give you the best possible experience. Learn more