| Thursday, 27th April 2023, 9:31 pm

ചരിത്രം കുറിച്ച് രാജസ്ഥാന്‍; ഡബിള്‍ സെഞ്ച്വറിയില്‍ ഡബിള്‍ സെഞ്ച്വറിയുമായി ഹല്ലാ ബോല്‍ ആര്‍മി

സ്പോര്‍ട്സ് ഡെസ്‌ക്

സ്വന്തം കോട്ടയില്‍ ചരിത്രം കുറിച്ച് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ചരിത്രത്തിലാദ്യമായി 200 റണ്‍സ് തികച്ചാണ് രാജസ്ഥാന്‍ തങ്ങളുടെ മണ്ണില്‍ പുതുചരിത്രം കുറിച്ചത്.

ഐ.പി.എല്‍ തങ്ങളുടെ 200ാം മത്സരത്തിനാണ് രാജസ്ഥാന്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലേക്കിറങ്ങിയത്. തങ്ങളുടെ 200ാം മത്സരം എസ്.എം.എസ്സില്‍ കളിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു രാജസ്ഥാന്‍. 200ാം മത്സരത്തില്‍ തന്നെ എസ്.എം.എസ്സിലെ ആദ്യ 200 നേടാന്‍ കഴിഞ്ഞതും രാജസ്ഥാന്റെ പ്രതീക്ഷയേറ്റും.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാനെ 202 എന്ന മികച്ച ടോട്ടലിലെത്തിച്ചത്. 43 പന്തില്‍ നിന്നും 77 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. എട്ട് ബൗണ്ടറിയും നാല് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 179.07 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സ് നേടിയത്.

ജെയ്‌സ്വാളിന് പുറമെ യുവതാരം ധ്രുവ് ജുറെലിന്റെയും വെടിക്കെട്ടാണ് രാജസ്ഥാനെ 200 കടത്തിയത്. ഒരുവേള 180 റണ്‍സില്‍ രാജസ്ഥാന്‍ ഒതുങ്ങുമെന്ന് കരുതിയിടത്തുനിന്നുമാണ് ജുറെല്‍ റോയല്‍സ് ഇന്നിങ്‌സിനെ തോളിലേറ്റിയത്.

15 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമടക്കം 34 റണ്‍സാണ് ജുറെല്‍ സ്വന്തമാക്കിയത്. 226.67 എന്ന തകര്‍പ്പന്‍ പ്രഹരശേഷിയാണ് താരത്തിനുണ്ടായിരുന്നത്.

13 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുമായി 27 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെ ഇന്നിങ്‌സും രാജസ്ഥാന്റെ ചരിത്രപുസ്തകത്തില്‍ ഇടം നേടി.

ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡേയാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി വിലപ്പെട്ട രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ചെന്നെക്കായി ജഡേജയും മഹീഷ് തീക്ഷണയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlight: Rajasthan Royals score 200 for the first time in Sawai Mansingh Stadium

We use cookies to give you the best possible experience. Learn more