| Monday, 30th May 2022, 8:58 am

ഫൈനല്‍ തോറ്റ് സര്‍വതും നഷ്ടപ്പെട്ടിരിക്കുമ്പോഴും ഇങ്ങനെ പുഞ്ചിരിക്കാന്‍ നിങ്ങളെക്കൊണ്ട് മാത്രമേ സാധിക്കൂ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2022ന് തിരശ്ശീല വീണിരിക്കുകയാണ്. ഫൈനല്‍ മത്സരത്തില്‍ മുന്‍ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് തങ്ങളുടെ ഡെബ്യൂ സീസണില്‍ തന്നെ കപ്പുയര്‍ത്തി കരുത്ത് കാണിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നായകന്‍ സഞ്ജുവിന് തുടക്കം മുതല്‍ തന്നെ പിഴയ്ക്കുന്ന കാഴ്ചയായിരുന്നു അഹമ്മദാബാദില്‍ കണ്ടത്. ടോസ് നേടിയാല്‍ ബൗളിംഗ് തന്നെയാവും തെരഞ്ഞെടുക്കുക എന്ന് ഗുജറാത്ത് നായകന്‍ ഹര്‍ദിക് ടോസിന് ശേഷം പറയുകയും ചെയ്തിരുന്നു.

ഒരുലക്ഷത്തോളം വരുന്ന കാണികളുടെ ആര്‍പ്പുവിളിയും ഹോം സപ്പോര്‍ട്ടും ഗുജറാത്ത് ടൈറ്റന്‍സ് അക്ഷരാര്‍ത്ഥത്തില്‍ മുതലാക്കുകയായിരുന്നു. അവര്‍ക്ക് വേണ്ടതെന്തോ, അത് കൊടുക്കാനും ടൈറ്റന്‍സിനായി.

രാജസ്ഥാന്റെ ഹാര്‍ഡ് ഹിറ്റര്‍മാര്‍ക്കൊന്നും തന്നെ താളം കണ്ടെത്താനാവാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് രാജസ്ഥാന്റെ ബാറ്റിംഗ് നിര ഫൈനല്‍ നിറം മങ്ങിയിരുന്നു.

ഓപ്പണര്‍ ജോസ് ബട്‌ലര്‍ (39) യശസ്വി ജെയ്‌സ്വാള്‍ (22) ക്യാപ്റ്റന്‍ സഞ്ജു സാസംസണ്‍ (14) ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11) എന്നിവരെല്ലാം തന്നെ കൂട്ടത്തോടെ റണ്‍ കണ്ടെത്താന്‍ പാടുപെടുകയായിരുന്നു.

മറുവശത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു രാജസ്ഥാനെ എറിഞ്ഞിട്ടത്. നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് ഹര്‍ദിക് നേടിയത്. മറ്റ് ബൗളര്‍മാരും തിളങ്ങിയപ്പോള്‍, രാജസ്ഥാന്‍ 130ല്‍ ഒതുങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഹര്‍ദിക്കിന്റെയും ഗില്ലിന്റെയും മില്ലറിന്റെയും ബലത്തിലാണ് അനായാസ വിജയം സ്വന്തമാക്കിയത്. പാണ്ഡ്യ 34(30) ഗില്‍ 45(43) ഡേവിഡ് മില്ലര്‍ 32(19) എന്നിവരായിരുന്നു ടൈറ്റന്‍സിനെ വിജയതീരത്തേക്കടുപ്പിച്ചത്.

എന്നാല്‍, തോല്‍വിയിലും തലയുയര്‍ത്തിയാണ് രാജസ്ഥാന്‍ മടങ്ങുന്നത്. 2021 ലോകകപ്പില്‍ ധോണി സിക്‌സറടിച്ച് ഇന്ത്യയെ കിരീടം ചൂടിച്ചപ്പോള്‍ വിക്കറ്റിന് പുറകില്‍ നിന്ന സംഗക്കാരയെ അനുസ്മരിപ്പിക്കുന്നതായിരുന്നു സഞ്ജു സാംസണ്‍.

സീസണിനോട് വിടപറയുമ്പോള്‍ പുഞ്ചിരിച്ച് തന്നെയാണ് രാജസ്ഥാന്‍ മടങ്ങുന്നത്. അടുത്ത തവണ കാണാമെന്ന് ട്രോളിലൂടെ പറയുന്നതും ഇതൊക്കെ കൊണ്ടുതന്നെയാണ്.

താന്‍ തന്റെ ടീമിനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് സഞ്ജു സംസണ്‍ പറയുമ്പോള്‍, ടീമിനേയും ക്യാപ്റ്റനേയും ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ക്രിക്കറ്റ് ലോകം തിരിച്ചുപറയുന്നു.

ഒന്നും ഒന്നിന്റേയും അവസാനമല്ല. ഇപ്പോള്‍ പടിയിറങ്ങാം, കൂടുതല്‍ ശക്തരായി അടുത്ത തവണ മടങ്ങിയെത്താം.

Content Highlight: Rajasthan Royals says Goodbye to IPL 2022

We use cookies to give you the best possible experience. Learn more