മോഡേണ്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരങ്ങളാണ് മുന്‍ ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലിയും പാക് നായകന്‍ ബാബര്‍ അസവും. ഇരുടീമിന്റേയും ബാറ്റിംഗ് നിരയിലെ കരുത്തന്‍മാരായ ഇവരെ ലോകത്തിലെ ഏത് ടീമിന്റെ ബൗളിംഗ് നിരയും തെല്ലൊന്ന് ഭയക്കും.
ഷോട്ടുകളുടെ കാര്യത്തിലും ഇരുവരും വമ്പന്‍മാര്‍ തന്നെയാണ്. തന്റെ സ്വഭാവം പോലെ അഗ്രസ്സീവായ ഷോട്ടുകളാണ് വിരാടിന്റേതെങ്കില്‍ ശാന്തമായ കടല്‍ പോലെയാണ് ബാബറിന്റേത്, എന്നാല്‍ ആ കടല്‍ ഇടയ്ക്ക് പ്രക്ഷുബ്ധമാവാറുമുണ്ട്.
ഇപ്പോഴിതാ, ഇരുതാരങ്ങളുടേയും ഷോട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്ററും രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍താരവുമായ ജോസ് ബട്‌ലര്‍. ഏത് താരത്തിന്റെ കവര്‍ ഡ്രൈവാണ് മികച്ചത് എന്നാണ് ബട്‌ലര്‍ പറയുന്നത്.
”ഞാന്‍ പറയും വിരാടിന്റെ കവര്‍ ഡ്രൈവാണ് മികച്ചതെന്ന്’ ബട്‌ലര്‍ പറയുന്നു.
നേരത്തെ, ബാബറിനും വിരാടിനുമാണ് മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച കവര്‍ ഡ്രൈവ് എന്ന് ഓസീസ് സൂപ്പര്‍ താരം ആരോണ്‍ ഫിഞ്ച് അഭിപ്രായപ്പെട്ടിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകന്റെ ചോദ്യത്തിനുത്തരമായാണ് ഫിഞ്ച് ഇക്കാര്യം പറഞ്ഞത്.
ഇപ്പോള്‍ ഏറ്റവും നന്നായി കവര്‍ ഡ്രൈവ് കളിക്കുന്ന താരം ആരാണ് എന്നായിരുന്നു ആരാധകന്‍ ചോദ്യം. വിരാട് കോഹ്ലിയും ബാബര്‍ അസവുമാണ് ഏറ്റവും മികച്ചത് എന്നായിരുന്നു ഫിഞ്ചിന്റെ മറുപടി. ഇരുവരും മികച്ച താരങ്ങളാണെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ തനിക്ക് വിരാടിനേയും ബാബറിനേയും ഒപ്പം ഒമ്പത് മരക്കുറ്റികളും തന്നാല്‍ ലോകകപ്പ് നേടിക്കാണിച്ചു തരാം എന്ന് മുന്‍ പാക് താരം റാഷിദ് ലത്തീഫ് പറഞ്ഞിരുന്നു.
നിലവിലെ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച തരങ്ങളാണ് വിരാട് കോഹ്ലിയും ബാബര്‍ അസമും.
ഇന്ത്യ 2011ല്‍ ലോകകപ്പ് നേടിയ സ്‌ക്വാഡിലെ അംഗവും ഇപ്പോഴും സ്ഥിരതയാര്‍ന്ന പ്രകടനം തുടരുന്ന വിരാട് കോഹ്ലിയും പാക് പടയുടെ നെടുനായകത്വം വഹിക്കുന്ന ബാബര്‍ അസവും മാത്രം മതി തനിക്ക് ലോകകപ്പ് നേടാന്‍ എന്നാണ് ലത്തീഫിന്റെ ഭാഷ്യം.
ഇരു താരങ്ങളുടെയും പ്രകടനത്തിലെ ആത്മവിശ്വാസമൊന്നുമാത്രമാണ് ലത്തീഫിനെക്കൊണ്ട് ഇങ്ങനെ പറയിച്ചിരിക്കുന്നത്.