ഐ.പി.എല്‍ 2022യിലെ ഏറ്റവും മികച്ച ബാറ്ററാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ ജോസ് ബട്‌ലര്‍. നാല് സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറിയുമടക്കം 863 റണ്‍സാണ് താരം 17 മത്സരങ്ങളില്‍ നിന്നുമായി അടിച്ചുകൂട്ടിയത്.
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ നിന്നും ഏറ്റവുമധികം റണ്ണടിക്കുന്ന രണ്ടാമത് ബാറ്ററാവാനും ഇതോടെ ബട്‌ലറിനായി. ഡേവിഡ് വാര്‍ണറിനെ മറികടന്നായിരുന്നു താരത്തിന്റെ സൂപ്പര്‍ നേട്ടം.
ടൂര്‍ണമെന്റിന്റെ പകുതിയായപ്പോള്‍, ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോഡ് തകര്‍ക്കുമോ എന്ന് ഉറ്റുനോക്കുകയായിരുന്നു ക്രിക്കറ്റ് ലോകം. എന്നാല്‍, കുറച്ചു മത്സരങ്ങളില്‍ ബട്‌ലര്‍ ഫോം ഔട്ടായതോടെ അത് നടക്കാതെ പോയി.
2016ല്‍ വിരാട് നേടിയ 973 റണ്‍സാണ് ഇന്നും ഐ.പി.എല്ലിലെ സീസണ്‍ ബെസ്റ്റ് ടോപ് സ്‌കോര്‍.
വിരാടിന്റെ ആ നേട്ടം മറികടക്കാനായില്ലെങ്കിലും, വിരാടിന്റെ മറ്റൊരു സിംഹാസനത്തില്‍ ആധിപത്യമുറപ്പിക്കാന്‍ ബട്‌ലറിന് കഴിഞ്ഞു. പേസര്‍മാര്‍ക്കെതിരെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് വിരാടിനെ മറികടന്ന് ബട്‌ലര്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്.
2016ല്‍ പേസര്‍മാര്‍ക്കെതിരെ വിരാട് നേടിയ 609 റണ്‍സായിരുന്നു ഇതിലെ റെക്കോഡ്. എന്നാല്‍ ഈ സീസണില്‍ ബട്‌ലര്‍ അത് മറികടക്കുകയായിരുന്നു. പേസര്‍മാര്‍ക്കെതിരെ 620 റണ്‍സാണ് താരം 17 മത്സരത്തില്‍ നിന്നും അടിച്ചുകൂട്ടിയത്.
വിരാടിനെ മാത്രമല്ല, വമ്പനടിക്കാരായ ഗെയ്‌ലിനെയും വാര്‍ണറിനെയും മറികടക്കാനും ബട്‌ലറിന് സാധിച്ചു.
കപ്പുയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെയും ജോസ് ബട്‌ലറിനെയും സംബന്ധിച്ച് മികച്ച സീസണ്‍ തന്നെയായിരുന്നു ഐ.പി.എല്‍ 2022. ഓറഞ്ച് ക്യാപ്പിന് പുറമെ എം.വി.പി (മോസ്റ്റ് വാല്യുബില്‍ പ്ലെയര്‍) അടക്കമുള്ള ആറ് അവാര്‍ഡുകളാണ് ബട്‌ലര്‍ സ്വന്തമാക്കിയത്.