രാജസ്ഥാന്‍ റോയല്‍സില്‍ പ്യാരിയും രാമന്‍കുട്ടിയും; വണ്ടറടിച്ച് മലയാളി ആരാധകര്‍
IPL
രാജസ്ഥാന്‍ റോയല്‍സില്‍ പ്യാരിയും രാമന്‍കുട്ടിയും; വണ്ടറടിച്ച് മലയാളി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th May 2022, 5:13 pm

ഐ.പി.എല്ലില്‍ ഏറെ ആരാധകരുള്ള ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സ്ഥാനത്ത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണാണെന്ന കാര്യം കൊണ്ടും മലയാളി ക്രിക്കറ്റ് ആരാധകരും രാജസ്ഥാന്‍ റോയല്‍സിന്റെ കട്ട ഫാന്‍സാണ്. മറ്റ് ടീമിന്റെ ഫാന്‍ ബോയ്‌സായിരിക്കെ തന്നെ സഞ്ജു എന്ന ഒറ്റക്കാരണത്താല്‍ രാജസ്ഥാനേയും സപ്പോര്‍ട്ട് ചെയ്യുന്നവരും ഉണ്ട്.

രാജസ്ഥാന്റെ കളിക്കളത്തിലെ പ്രകടനത്തേയും ക്യാമ്പിലെ തമാശകളേയും പോലെ ഏറെ രസകരമാണ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സും. ട്വിറ്ററിലും ഇന്‍സ്റ്റയിലുമടക്കം ആരാധകരെ എന്‍ഗേജ് ചെയ്യിക്കുന്ന കണ്ടന്റുകളും ടീം അംഗങ്ങളുടെ രസകരമായ കഥകളുമൊക്കെയായി ഒരു വിരുന്ന് തന്നെയാണ് അവരുടെ സോഷ്യല്‍ മീഡിയ ടീം ആരാധകര്‍ക്ക് നല്‍കുന്നത്.

ഇപ്പോള്‍, രാജസ്ഥാന്‍ റോയല്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ഒരു പോസ്റ്റ് കണ്ട് വണ്ടറടിച്ചിരിക്കുകയാണ് മലയാളി ആരാധകര്‍. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രമായ കല്യാണരാമനിലെ ഒരു രംഗമാണ് ടീം പോസ്റ്റ് ചെയ്തത്.

രാജസ്ഥാന്റെ മത്സരം കാണാനായി മലപ്പുറത്ത് നിന്നും വരുന്ന സഞ്ജു ആരാധകരുടെ ട്വീറ്റിന് റീട്വീറ്റായാണ് രാജസ്ഥാന്‍ കല്യാണരാമനിലെ രംഗം പങ്കുവെച്ചത്.

സഞ്ജുവിനും ടീമിനും ഓള്‍ ദി ബെസ്റ്റ് പറഞ്ഞ ആരാധകര്‍ക്ക് കല്യാണരാമനിലെ പ്യാരിയുടെ ‘മെല്‍ക്കൗ’വിന്റെ ജിഫ് വീഡിയോ ആണ് പകരമായി നല്‍കിയിരിക്കുന്നത്. രാജസ്ഥാന്റെ സോഷ്യല്‍ഡ മീഡിയ ടീമിന് മലയാളി ആരാധകരുടെ പ്രശംസകള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, വെള്ളിയാഴ്ചയാണ് രാജസ്ഥാന്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളികള്‍. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിക്കുകയാണെങ്കില്‍ പ്ലേ ഓഫും ക്വാളിഫൈയര്‍ മത്സരവും രാജസ്ഥാന് ഉറപ്പിക്കാം.

മധ്യനിരയിലെ ശക്തനായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തിരിച്ചെത്തിയതാണ് ടീമിന് ഏറെ ആശ്വാസം നല്‍കുന്നത്. തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഗയാനയിലായിരുന്ന താരം ടീമിന്റെ ബയോ ബബിളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഇതോടെ മിഡില്‍ ഓര്‍ഡറിലും ഫിനിഷിംഗിലും ടീമിന്റെ കരുത്ത് ഇരട്ടിയായിട്ടുണ്ട്. ഹെറ്റ്‌മെയര്‍ എത്തുന്നതോടെ കഴിഞ്ഞ മത്സരം കളിച്ച ഒരു വിദേശതാരം പുറത്തിരിക്കേണ്ടി വരും. ബട്‌ലറേയും ബോള്‍ട്ടിനേയും എന്തുവന്നാലും ടീം നിലനിര്‍ത്തുമെന്നുറപ്പാണ്.

കഴിഞ്ഞ മത്സരത്തില്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവെക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മക്കോയ്‌യും ടീമിനൊപ്പമുണ്ടാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ജിമ്മി നീഷം പുറത്തിരിക്കേണ്ടി വരും.

ഒരുപക്ഷേ ചെന്നൈയോട് തോറ്റാലും രാജസ്ഥാന് പ്ലേ ഓഫില്‍ കയറാം. നെറ്റ് റേറ്റിനെ ബാധിക്കുന്ന രീതിയില്‍ വന്‍ മാര്‍ജിനില്‍ തോല്‍വി വഴങ്ങരുതെന്ന് മാത്രം. എങ്കിലും അവസാന മത്സരം ജയിച്ച് ആധികാരികമായി തന്നെ പ്ലേ ഓഫ് ഉറപ്പിക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്.

അതേസമയം, ഒന്നും നഷ്ടപ്പെടാനില്ലാത്ത ചെന്നൈ, മികച്ചൊരു മത്സരം കാഴ്ചവെച്ച് ടൂര്‍ണമെന്റിനോട് വിട പറയാനാവും ഒരുങ്ങുന്നത്.

 

Content Highlight: Rajasthan Royals’s funny tweet