IPL
അവന്‍ ടീമിലെ ഇതിഹാസ താരമൊക്കെ തന്നെയാണ്, പക്ഷേ...; സൂപ്പര്‍ താരത്തിനെതിരെ ആഞ്ഞടിച്ച് രാജസ്ഥാന്‍ കോച്ച് സംഗക്കാര
സ്പോര്‍ട്സ് ഡെസ്‌ക്
2022 May 30, 09:00 am
Monday, 30th May 2022, 2:30 pm

കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ ഫൈനലില്‍ രണ്ടാം കിരീടം മോഹിച്ചെത്തിയ രാജസ്ഥാന്‍ റോയല്‍സിന്റെ സ്വപ്‌നങ്ങള്‍ തച്ചുടച്ചുകൊണ്ടായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് വിജയകിരീടമണിഞ്ഞത്.

ബാറ്റിംഗിലും ബൗളിംഗിലും മേധാവിത്തം പുലര്‍ത്തിയ ടൈറ്റന്‍സിന്റെ വരുതിയില്‍ തന്നെയായിരുന്നു മത്സരം. ഒരര്‍ത്ഥത്തില്‍ ഏകപക്ഷീയമായിരുന്നു മത്സരം എന്നുവേണമെങ്കിലും പറയാം.

ഗുജറാത്ത് നിരയിലെ ബൗളര്‍മാരെല്ലാം തന്നെ തിളങ്ങിയപ്പോള്‍, രാജസ്ഥാന്‍ ബൗളര്‍മാര്‍ പരാജയപ്പെടുന്ന കാഴ്ചയായിരുന്നു അഹമ്മദാബാദില്‍ കണ്ടത്. ആര്‍. അശ്വിനായിരുന്നു രാജസ്ഥാന്‍ നിരയില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തല്ലുവാങ്ങിക്കൂട്ടിയത്.

ഇപ്പോഴിതാ, അശ്വിന്‍ ചില കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ട് എന്ന കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടറും പ്രധാന പരിശീലകനുമായ കുമാര്‍ സംഗക്കാര.

അശ്വിന്‍ ഒരു ഇതിഹാസമാണെന്നും എന്നാല്‍ അദ്ദേഹം തന്റെ ഓഫ് ബ്രേക്ക് ഡെലിവറികളില്‍ ഇനിയും ശ്രദ്ധപുലര്‍ത്തേണ്ടിയിരിക്കുന്നു എന്നുമാണ് സംഗക്കാര പറഞ്ഞത്.

അശ്വിന് കളിക്കിടയില്‍ പല പരീക്ഷണങ്ങളും നടത്തുന്ന സ്വഭാവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അശ്വിനെ സംബന്ധിച്ചിടത്തോളം മെച്ചപ്പെടുത്താനുള്ള ഒരുപാട് മേഖലകളുണ്ട്. അദ്ദേഹം ഇനിയും ഓഫ് സ്പിന്‍ തന്നെ എറിയണം,’ സംഗ പറയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ സ്റ്റാര്‍ സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിന് ഈ സീസണ്‍ അത്രകണ്ട് മികച്ചതായിരുന്നില്ല. 17 കളിയില്‍ നിന്നും 12 വിക്കറ്റ് മാത്രമായിരുന്നു അശ്വിന്റെ സമ്പാദ്യം.

ഐ.പി.എല്ലിലെ മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് അശ്വിന്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തിയതും ഫൈനലിലായിരുന്നു. പതിവില്‍ കൂടുതല്‍ കാരം ബോളുകളെറിഞ്ഞ് ബാറ്ററെ സമ്മര്‍ദ്ദിലാക്കാന്‍ ശ്രമിച്ചെങ്കിലും, അടിവാങ്ങിക്കൂട്ടി സ്വയം സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

3 ഓവര്‍ എറിഞ്ഞ് 10.67 എക്കോണമിയില്‍ 32 റണ്‍സായിരുന്നു അശ്വിന്‍ വഴങ്ങിയത്.

 

Content Highlight: Rajasthan Royals’s coach Kumar Sangakkara criticize R Ashwin