രാജസ്ഥാന്‍ റോയല്‍സിന്റെ പരീശീലക സംഘത്തിലെ മലയാളി താരവും മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനുമായ റൈഫി വിന്‍സെന്റ് ഗോമസിന് ഇനി പുതിയ ചുമതല. പോണ്ടിച്ചേരി ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിട്ടാണ് റൈഫിയെ നിയമിച്ചിരിക്കുന്നത്.
ഐ.പിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കേരളത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ താരമായിരുന്ന റൈഫി പോണ്ടിച്ചേരിയുടെ പരിശീലക സ്ഥാനത്തേക്കെത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്.
രാജസ്ഥാന്‍ റോയല്‍സ് അക്കാദമിയില്‍ അസിസ്റ്റന്റ് കോച്ചായിരിക്കവെയാണ് പുതിയ ചുമതല റൈഫിയെ തേടിയെത്തിയിരിക്കുന്നത്.
പോണ്ടിച്ചേരി ടീമിന്റെ പരിശീലകസ്ഥാനത്തേക്കെത്തുന്നതില്‍ താന്‍ ഏറെ എക്‌സൈറ്റഡാണെന്നും ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് വളരെ വ്യത്യസ്തമായ ഒരു ചാലഞ്ചാണെന്നുമായിരുന്നു റൈഫിയുടെ പ്രതികരണം.
‘ഒരുപാട് ഡൊമസ്റ്റിക് മാച്ചുകളാണ് പോണ്ടിച്ചേരിയില്‍ നടക്കുന്നത്. ഒരു സീസണില്‍ തന്നെ ഒരു താരം എല്ലാ ഫോര്‍മാറ്റുകളിലുമായി ഏകദേശം നൂറിലധികം മത്സരങ്ങളാണ് കളിക്കുന്നത്.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പോണ്ടിച്ചേരി ടീമിന്റെ പ്രോഗ്രസ് നമുക്ക് കാണാന്‍ സാധിക്കും. കാരണം മുംബൈ, ബംഗാള്‍, തമിഴ്‌നാട് പോലുള്ള ടീമിനെ പോണ്ടിച്ചേരി തോല്‍പിച്ചിട്ടുണ്ട്,’ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കേരള ടീമിന്റെ മുന്‍ നായകന്‍ വി.എ. ജഗദീഷാണ് പോണ്ടിച്ചേരി ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍.
കഴിഞ്ഞ സീസണിലാണ് റൈഫി രാജസ്ഥാന്‍ റോയല്‍സിലേക്കെത്തുന്നത്.