| Sunday, 14th May 2023, 6:57 pm

എന്നാലും സഞ്ജുവിന്റെ രാജസ്ഥാനേ, ഇങ്ങനെയുണ്ടൊരു തോല്‍വി, അതും നിര്‍ണായക മത്സരത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ 2023ലെ ഏറ്റവും മോശം പ്രകടനമാണ് സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് ഞായറാഴ്ച കാഴ്ചവെച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ 171 റണ്‍സ് പിന്തുടര്‍ന്നിറങ്ങി രണ്ടാം ബാറ്റിങ്ങില്‍ രാജസ്ഥാന്‍ ദുരന്തമാവുകയായിരുന്നു. 59 റണ്‍സിനാണ് രാജസ്ഥാന്‍ പുറത്തായത്.

ഐ.പി.എല്‍ ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും കുഞ്ഞന്‍ റണ്‍സാണിത്. ഇതിന് മുമ്പ് 49 റണ്‍സെടുത്ത ബെംഗളൂരുവും 58 റണ്‍സെടുത്ത രാജസ്ഥാനും തന്നെയാണ് മോശം റെക്കോര്‍ഡിലെ ആദ്യ രണ്ട് സ്ഥാനത്തുള്ളത്.

19 പന്തില്‍ 35 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയറിന് മാത്രമാണ് രാജസ്ഥാന്‍ ബാറ്റിങ്ങ് നിരയില്‍ ഇന്ന് കുറച്ചെങ്കിലും തിളങ്ങിയത്. 10 റണ്‍സെടുത്ത ജോ റൂട്ടിനെ കൂടാതെ ബാക്കി ബാറ്റുമായി ഗ്രൗണ്ടിലിറങ്ങിയ ആര്‍ക്കും രണ്ടക്കം കാണാനായില്ല.

അഞ്ച് പന്തില്‍ നാല് റണ്‍സ് മാത്രമാണ് നായകന്‍ സഞ്ജു സാംസണ് ഈ മത്സരത്തില്‍ നേടാനായത്. ഓപ്പണര്‍മാരായ ജോസ് ബട്ടിലറും യശസ്വി ജയ്സ്വാളും ഉള്‍പ്പെടെ നാല് രാജസ്ഥാന്‍ ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്തായി.

പ്ലേ ഓഫിലേക്കുള്ള സാധ്യതയില്‍ വിജയം നിര്‍ണായകമായ മത്സരത്തില്‍ വലിയ തോല്‍വി ഏറ്റുവാങ്ങിയതോടെ പോയിന്റ് ടേബിളില്‍ രാജസ്ഥാന്‍ അഞ്ചാമതായി. രാജസ്ഥാന്റെ പ്ലേ ഓഫ് പ്രവേശനത്തിന് ഇനിയുള്ള ഓരേയുരു മത്സരം ജയിച്ചാലും മറ്റ് ടീമുകളുടെ വിജയ പരാജയങ്ങള്‍ കൂടി സ്വാധീനിക്കും. പഞ്ചാബിനെതിരെ മെയ് 19നാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Content Highlight: rajasthan royals – royal challengers bangalore’s match result sanju samson

Latest Stories

We use cookies to give you the best possible experience. Learn more