മൂന്ന് വര്‍ഷത്തിനും 11 മാസത്തിനും 22 ദിവസത്തിനും ശേഷം സഞ്ജുവിറങ്ങുന്നു; ഈ രണ്ടാം വരവ് ആഘോഷമാകും
IPL
മൂന്ന് വര്‍ഷത്തിനും 11 മാസത്തിനും 22 ദിവസത്തിനും ശേഷം സഞ്ജുവിറങ്ങുന്നു; ഈ രണ്ടാം വരവ് ആഘോഷമാകും
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th April 2023, 12:13 pm

ഐ.പി.എല്‍ 2023ലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ തങ്ങളുടെ ആറാം മത്സരം രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഏറെ നാളുകള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സ്വന്തം ഹോം ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുന്നു എന്നത് തന്നെയാണ് റോയല്‍സിനെ സംബന്ധിച്ച് ഈ മത്സരം സ്‌പെഷ്യലാകാന്‍ കാരണം.

ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ചാണ് സഞ്ജുവും സംഘവും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടാനൊരുങ്ങുന്നത്.

ഐ.പി.എല്ലിന്റെ 2019 എഡിഷനിലാണ് രാജസ്ഥാന്‍ അവസാനമായി ജയ്പൂരില്‍ കളിച്ചത്. 2020, 2021 എഡിഷനുകള്‍ കൊവിഡിനെ തുടര്‍ന്ന് യു.എ.ഇയില്‍ വെച്ചായിരുന്നു നടന്നത്. ഐ.പി.എല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 15ാം സീസണിലാകട്ടെ മുംബൈ ആയിരുന്നു ഭൂരിഭാഗം മത്സരങ്ങള്‍ക്കും വേദിയായത്.

ഐ.പി.എല്‍ 2022ന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സ് അടക്കമുള്ള മറ്റ് സ്റ്റേഡിയങ്ങളില്‍ വെച്ച് നടത്തിയെങ്കിലും ഒന്നും ജയ്പൂരിലേക്കെത്തിയില്ല.

ഈ സീസണില്‍ രാജസ്ഥാന്‍ ഇതിനോടകം തന്നെ തങ്ങളുടെ രണ്ട് ഹോം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ അത് രണ്ടും സെക്കന്റ് ഹോം സ്‌റ്റേഡിയമായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു നടന്നത്.

മൂന്ന് വര്‍ഷത്തെയും 11 മാസത്തെയും 22 ദിവസത്തെയും കാത്തിരിപ്പിനൊടുവില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. ഈ രണ്ടാം വരവ് വന്‍ വിജയത്തോടെ തന്നെ തുടങ്ങാനാകും രാജസ്ഥാന്‍ ഒരുങ്ങുന്നത്.

സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലേക്കുള്ള തങ്ങളുടെ രണ്ടാം വരവില്‍ കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് രാജസ്ഥാന് നേരിടാനുള്ളത്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആറാം മത്സരത്തിനിറങ്ങുന്നത്. തോല്‍വിയുറപ്പിച്ചിടത്ത് നിന്നും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെയും അപരാജിത ചെറുത്ത് നില്‍പാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.

 

അതേസമയം, തങ്ങളുടെ അവസാന മത്സരത്തില്‍ പരാജയപ്പെട്ടാണ് ലഖ്‌നൗ ജയ്പൂരിലേക്ക് വണ്ടി കയറുന്നത്. സ്വന്തം തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ വെച്ച് നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് രണ്ട് വിക്കറ്റിനാണ് എല്‍.എസ്.ജി പരാജയപ്പെട്ടത്.

 

 

Content highlight: Rajasthan Royals returned to their home ground after a long time