സഞ്ജുവിന്റെ ആവനാഴിയിലേക്ക് ഒരു ബ്രഹ്മാസ്ത്രം കൂടി; രഞ്ജിയിലെ രാജാവിനെ റാഞ്ചി രാജസ്ഥാൻ റോയൽസ്
Cricket
സഞ്ജുവിന്റെ ആവനാഴിയിലേക്ക് ഒരു ബ്രഹ്മാസ്ത്രം കൂടി; രഞ്ജിയിലെ രാജാവിനെ റാഞ്ചി രാജസ്ഥാൻ റോയൽസ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 22nd March 2024, 4:15 pm

2024 ഐ.പി.എല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളു. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടുകൂടിയാണ് ടൂര്‍ണമെന്റിന് തുടക്കമാവുക.

പുതിയ സീസണ്‍ കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വ്യക്തിപരമായ കാരണങ്ങളാല്‍ ഐ.പി.എല്ലില്‍ നിന്നും പിന്മാറിയ ആദം സാംപക്ക് പകരക്കാരനെ ടീമില്‍ എത്തിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇന്ത്യന്‍ താരം തനുഷ് കോട്ടിയാനെയാണ് സാംപക്ക് പകരക്കാനായി രാജസ്ഥാന്‍ ടീമില്‍ എത്തിച്ചത്.

അടുത്തിടെ അവസാനിച്ച രഞ്ജി ട്രോഫി ചാമ്പ്യന്മാരായ മുംബൈ ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു തനുഷ് കൊട്ടിയാന്‍. മുംബൈ 42ാം രഞ്ജി ട്രോഫി കിരീടം ഉയര്‍ത്തുമ്പോള്‍ ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തകര്‍പ്പന്‍ പ്രകടനമാണ് കോട്ടിയാന്‍ നടത്തിയത്.

രഞ്ജി ട്രോഫിയില്‍ 502 റണ്‍സും 29 വിക്കറ്റുകളും നേടികൊണ്ട് രഞ്ജിയിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടാനും കോട്ടിയാന് സാധിച്ചു. ടി-20 ക്രിക്കറ്റില്‍ 22 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. താരത്തിന്റെ വരവോടുകൂടി രാജസ്ഥാന്‍ റോയൽസ് കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ ഓസ്ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപ ഐ.പി.എല്ലില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഈ സീസണില്‍ 1.5 കോടി രൂപക്കായിരുന്നു താരത്തെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ആറ് മത്സരങ്ങളിൽ നിന്നും എട്ട് വിക്കറ്റുകളാണ്‌ ഓസ്‌ട്രേലിയൻ താരം നേടിയത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച നിലയുമായാണ് സഞ്ജുവും കൂട്ടരും കിരീട പോരാട്ടത്തിനായി കളത്തില്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ കിരീടം ഉയര്‍ത്തിയ രാജസ്ഥാന് പിന്നീടുള്ള 15 വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും കിരീടം ചൂടാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ സഞ്ജുവിന്റെ കീഴിൽ രാജസ്ഥാന്‍ കിരീടം ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മാര്‍ച്ച് 24ന് കെ.എല്‍ രാഹുല്‍ നയിക്കുന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Rajasthan Royals replaced Adam Sampa with Tanush Kotian