| Wednesday, 11th May 2022, 2:46 pm

നമ്മുടെയെല്ലാം ജീവിതത്തിലും സഞ്ജു വേണം; ക്യാപ്റ്റനെ വാനോളം പുകഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ സീസണുകളെയെല്ലാമപേക്ഷിച്ച് വന്‍ കുതിപ്പാണ് രാജസ്ഥാന്‍ റോയല്‍സ് ഇത്തവണത്തെ ഐ.പി.എല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ് കീഴില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന രാജസ്ഥാന്‍ പ്ലേ ഓഫിന് ഒരു ജയം മാത്രമകലെയാണ്.

ഓരോ മത്സരം കഴിയുമ്പോഴും ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു പ്രശംസകളേറ്റുവാങ്ങുകയാണ്. ക്രിക്കറ്റ് മൈതാനത്തും ഡ്രസ്സിംഗ് റൂമിലും താരം മാന്യതയുടെ പ്രതിരൂപമായിരിക്കുകയാണ്. എതിരാളികളോടും സഹതാരങ്ങളോടുമുള്ള സഞ്ജുവിന്റെ പെരുമാറ്റവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്.

ഇത്തവണ ടീം നിലനിര്‍ത്തിയിട്ടും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയ ഓപ്പണറും യുവതാരവുമായ യശസ്വി ജെയ്‌സ്വാളിനെ സഞ്ജു എന്നും ചേര്‍ത്തു നിര്‍ത്തിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തി ടീമിനെ വിജയത്തിലേക്ക് നയിച്ച ജെയ്‌സ്വാളിനോടുള്ള താരത്തിന്റെ സ്‌നേഹവും ബഹുമാനവും ഏറെ ചര്‍ച്ചയായിരുന്നു.

തുടര്‍ച്ചയായ രണ്ട് കളിയിലെ പരാജയത്തിന് പിന്നാലെ ടീമിനെ വിജയത്തിലേക്ക് നയിച്ച താരത്തിന് സഞ്ജു നല്‍കിയ സമ്മാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയൊരു ബാറ്റായിരുന്നു താരം ജെയ്‌സ്വാളിന് സമ്മാനമായി നല്‍കിയത്.

‘നിനക്കായി ഒരു പുതിയ ബാറ്റ് ഇന്ന് നിന്റെ റൂമിലുണ്ടാകും. നിന്റെ ചേട്ടന്റെ സമ്മാനമായി കരുതിയാല്‍ മതി.”. എന്നായിരുന്നു സഞ്ജു ജെയ്സ്വാളിനോട് പറഞ്ഞത്.

സഞ്ജുവിന്റെ പ്രവര്‍ത്തിയില്‍ കായികലോകം ഒന്നടങ്കം കയ്യടിച്ചിരുന്നു.

ഇപ്പോഴിതാ, തങ്ങളുടെ നായകനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ടീം ക്യാപ്റ്റനെ പ്രശംസകൊണ്ടു മൂടിയത്.

സഞ്ജുവും ജെയ്‌സ്വാളും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ടീമിന്റെ ട്വീറ്റ്. സഞ്ജു നല്‍കിയ ബാറ്റ് ചേര്‍ത്തുപിടിച്ചായിരുന്നു ജെയ്‌സ്വാള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

നമ്മുടെ എല്ലാവരുടേയും ജീവിതത്തില്‍ ഒരു സഞ്ജു വേണം എന്നായിരുന്നു ടീം ഇതിന് ക്യാപ്ഷന്‍ നല്‍കിയത്.

വരാനിരിക്കുന്ന ഒരു മത്സരത്തില്‍ ജയിച്ചാല്‍ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം. ബുധനാഴ്ച ദല്‍ഹി ക്യാപ്പിറ്റല്‍സുമായി നടക്കുന്ന മത്സരത്തില്‍ വിജയം സ്വന്തമാക്കാനായാല്‍ ടീമിന് പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്യാം. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫിലെത്തിയിരിക്കുന്നത്.

Content highlight: Rajasthan Royals praises Sanju Samson

We use cookies to give you the best possible experience. Learn more