ഐ.പി.എല്‍ 2022ല്‍ രാജസ്ഥാന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ ഏറെ നിര്‍ണായകമായത് ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ പ്രകടനമാണ്. ഓരോ മത്സരത്തിലും ബൗളര്‍മാരെ ആക്രമിച്ച് കളിച്ച് റണ്ണുകളും റെക്കോഡുകളും തന്റെ പേരിലാക്കുന്ന തിരക്കിലായിരുന്നു ബട്‌ലര്‍.
ഐ.പി.എല്‍ 2022ല്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും എം.വി.പിയുമടക്കം നിരവധി റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.
സീസണ്‍ ആരംഭിച്ചപ്പോഴുള്ള താരത്തിന്റെ പ്രകടനം കണ്ട് ഏറ്റവുമധികം പേടിച്ചത് വിരാട് ആരാധകര്‍ തന്നെയായിരിക്കും. ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ വിരാടിന്റെ റെക്കോഡ് ബട്‌ലര്‍ മറികടക്കുമോ എന്നതായിരുന്നു അവരുടെ പേടി.
എന്നാല്‍, സീസണിന്റെ പകുതിയില്‍ താരം അല്‍പമൊന്ന് പിറകോട്ടു പോയപ്പോള്‍ ആ സൂപ്പര്‍ റെക്കോഡ് മാത്രം ബട്‌ലറിന്റെ പേരില്‍ നിന്നും അകന്നുനിന്നു. എന്നാല്‍, ഡേവിഡ് വാര്‍ണറെ പിന്തള്ളി പട്ടികയില്‍ രണ്ടാമതായാണ് ബട്‌ലര്‍ സീസണ്‍ അവസാനിപ്പിച്ചത്.
ഇപ്പോഴിതാ, തങ്ങളുടെ സൂപ്പര്‍ താരത്തെ വര്‍ണിച്ചുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ബോണി എമ്മിന്റെ ‘റാസ്പുട്ടിന്‍’ എന്ന പാട്ടിനൊപ്പം ബട്‌ലറിന്റെ പേരിലുള്ള വരികള്‍ ചേര്‍ത്തായിരുന്നു രാജസ്ഥാന്‍ വീഡിയോ പങ്കുവെച്ചത്.
‘ദേര്‍ ലിവ്ഡ് എ സെര്‍ട്ടെയ്ന്‍ മാന്‍ ഇന്‍ റോയല്‍സ് ലോംങ് എഗോ…’ (There Lived A Certain Man In Royals Long Ago…) എന്നാണ് ബട്‌ലറിനെ കുറിച്ചുള്ള പാട്ട് തുടങ്ങുന്നത്.
രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്റും ഷെയറുമായി പോസ്റ്റിന് കീഴെ ഒത്തുകൂടിയിരിക്കുന്നത്.
എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളുമായാണ് ബട്‌ലര്‍ സീസണിനോട് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്. മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ എന്ന എം.വി.പി മുതല്‍ ഏറ്റവുമധികം സിക്‌സറും ബൗണ്ടറിയും നേടിയതിന്റെ റെക്കോഡും ബട്‌ലറിന്റെ പേരാണ്.
83 ബൗണ്ടറിയാണ് താരം 17 മത്സരത്തില്‍ നിന്നും അടിച്ചുകൂട്ടിയത്. 45 സിക്‌സറും ടൂര്‍ണമെന്റില്‍ സ്വന്തമാക്കി.
സെഞ്ച്വറിയുടെ എണ്ണത്തിലും ബട്‌ലര്‍ തന്നെയാണ് ഒന്നാമന്‍. നാല് സെഞ്ച്വറിയാണ് ബട്‌ലര്‍ നേടിയത്. സീസണില്‍ ആകെ പിറന്ന എട്ട് സെഞ്ച്വറിയില്‍ നാലും നേടിയത് ബട്‌ലറാണെന്നറിയുമ്പോഴാണ് താരത്തിന്റെ ബാറ്റിങ് കരീസ്മ വ്യക്തമാവുന്നത്. ഇതിന് പുറമെ നാല് അര്‍ധ സെഞ്ച്വറിയും ‘ജോസേട്ടന്‍’ സ്വന്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇതെല്ലാം സ്വന്തമാക്കിയിട്ടും ഐ.പി.എല്ലിന്റെ കിരീടം മാത്രം താരത്തില്‍ നിന്നും അകന്ന് നിന്നു. അടുത്ത സീസണില്‍ താരം രാജസ്ഥാന് വേണ്ടി കിരീടം നേടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Rajasthan Royals Posts a new video praises Jos Buttler