| Friday, 29th July 2022, 2:36 pm

'സെക്‌സി തമിഴ് ഫ്രണ്ട്‌സി'നൊപ്പം സഞ്ജു; ഫോട്ടോ പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് തുടക്കമാവുകയാണ്. ഏകദിന പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ വൈറ്റ് വാഷ് ചെയ്താണ് ടീം ഇന്ത്യ ടി-20 പരമ്പരയ്ക്കിറങ്ങിപ്പുറപ്പെടുന്നത്.

ഏകദിന പരമ്പരയ്ക്ക് ശേഷം ടി-20 പരമ്പരയ്‌ക്കൊരുങ്ങുന്നതിന്റെ തിരക്കിലാണ് ഇന്ത്യന്‍ ടീം. ഇതിനായി താരങ്ങള്‍ പരിശീലനവും തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ഒരു ചിത്രം ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. ‘സഞ്ജു ആന്‍ഡ് ഹിസ് സെക്‌സി തമിഴ് ഫ്രണ്ട്‌സ്’ എന്ന ക്യാപ്ഷനോടെയായിരുന്നു ദിനേഷ് കാര്‍ത്തിക്കിനും ആര്‍. അശ്വിനും ഒപ്പമുള്ള ചിത്രം രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചത്.

രസകരമായ പല കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

അതേസമയം, സീനിയര്‍ താരങ്ങള്‍ ടീമിലേക്ക് മടങ്ങിയെത്തിയതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ അരാധകര്‍. എന്നാല്‍ ടി-20 ഇന്ത്യയ്ക്ക് ഏകദിന പരമ്പര പോലെ ഒരിക്കലും എളുപ്പമാവാന്‍ സാധ്യതയില്ല. ആക്രമണോത്സുക ക്രിക്കറ്റിന്റെ പര്യായമായ ഒട്ടനവധി താരങ്ങള്‍ വിന്‍ഡീസിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരങ്ങളായ ഷിംറോണ്‍ ഹെറ്റ്‌മെയറും ഒബെഡ് മക്കോയ്‌യും സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവര്‍ക്കുപുറമെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഓഡിയന്‍ സ്മിത്തും ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഷിംറോണ്‍ ഹെറ്റ്‌മെയർ

ഒബെഡ് മക്കോയ്‌

ഓഡിയന്‍ സ്മിത്ത്

ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സര്‍പ്രൈസ് നീക്കമെന്നോണം സഞ്ജുവിനെ ബി.സി.സി.ഐ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊവിഡ് ബാധിതനായ കെ.എല്‍. രാഹുലിന് പകരക്കാരനായിട്ടാണ് സഞ്ജു ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്.

നേരത്തെ പ്രഖ്യാപിച്ച ടി-20 സ്‌ക്വാഡില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നില്ല. ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് സഞ്ജു പര്യടനത്തിനെത്തിയത്. ടി-20 ലോകകപ്പ് അടുത്ത് വരവെ ഈ സര്‍പ്രൈസ് നീക്കം സഞ്ജുവിന് ഗുണമാവുമെന്നുറപ്പാണ്.

ഇക്കാര്യത്തില്‍ ബി.സി.സി.ഐ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എന്നാല്‍ ബി.സി.സി.ഐ പുറത്തിറക്കിയ ഇന്ത്യന്‍ സ്‌ക്വാഡിന്റെ പട്ടികയില്‍ സഞ്ജുവിന്റെ പേരുണ്ട്.

എന്നാല്‍, സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജുവിന് എത്രത്തോളം ചാന്‍സ് ലഭിക്കുമെന്ന് കണ്ടറിയണം. വിക്കറ്റ് കീപ്പറായും ടോപ് ഓര്‍ഡര്‍ ബാറ്ററായും റിഷബ് പന്ത് ടീമിനൊപ്പമുള്ളപ്പോള്‍ സഞ്ജുവിന് ചാന്‍സ് ലഭിക്കാനുള്ള ചാന്‍സ് പരിമിതമാണ്.

എന്നിരുന്നാലും, ഏകദിനത്തിലെ പ്രകടനം കോച്ച് രാഹുല്‍ ദ്രാവിഡിന്റെയും സെലക്ടര്‍മാരുടെയും മനസില്‍ ഉണ്ടാവുമെന്നുറപ്പാണ്.

ഇന്ത്യ ടി-20 സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്

വെസ്റ്റ് ഇന്‍ഡീസ് ടി-20 സ്‌ക്വാഡ്:

നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ് മെന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), ഷമാര്‍ ബ്രൂക്‌സ്, ഡോമിനിക് ഡ്രേക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ഒബെഡ് മക്കോയ്, കീമോ പോള്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഡിയന്‍ സ്മിത്ത്, ഡെവോണ്‍ തോമസ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍

Content Highlight: Rajasthan Royals posted photo of Sanju Samson with Dinesh Karthik and R Ashwin

Latest Stories

We use cookies to give you the best possible experience. Learn more