ഐ.പി.എല്‍ 2023ലെ 48ാം മത്സരമാണ് ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഹോം ടീം റെയ്‌നിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസിന് ശേഷം പിച്ചിന്റെ സ്വഭാവത്തെ കുറിച്ച് കൃത്യമായി പ്രവചിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സഞ്ജു പറഞ്ഞത്. പിച്ചിന്റെ സ്വഭാവത്തെ കുറിച്ച് ഹോം ടീം ക്യാപ്റ്റന് പോലും കൃത്യമായി പ്രവചിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ബൗളിങ്ങിലൂടെ ആനുകൂല്യം മുതലാക്കുമെന്നായിരുന്നു പാണ്ഡ്യയുടെ വാക്കുകള്‍.
മികച്ച തുടക്കമായിരുന്നില്ല രാജസ്ഥാന് ലഭിച്ചത്. ആറ് പന്തില്‍ നിന്നും എട്ട് റണ്‍സ് നേടിയ ജോസ് ബട്‌ലറിന്റെ വിക്കറ്റാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മോഹിത് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
അഞ്ചാം നമ്പറില്‍ ധ്രുവ് ജുറെലിനെ പ്രതീക്ഷിച്ച ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് അശ്വിനാണ് കളത്തിലിറങ്ങിയത്. എന്നാല്‍ ഒരു ചലനവുമുണ്ടാക്കാതെ അശ്വിന്‍ വന്നതുപോലെ പോയി. ആറ് പന്ത് നേരിട്ട് രണ്ട് റണ്‍സ് നേടി റാഷിദ് ഖാന് വിക്കറ്റ് നല്‍കിയാണ് താരം പുറത്തായത്.
അടുത്തതായി ജുറെലിനെ പ്രതീക്ഷിച്ച ആരാധകര്‍ വീണ്ടും നിരാശരായി. ജെയ്‌സ്വാളിനെ സബ്സ്റ്റ്യൂട്ട് ചെയ്ത് റിയാന്‍ പരാഗാണ് ക്രീസിലെത്തിയത്. സീസണില്‍ മികച്ച പ്രകടനമൊന്നും തന്നെ കാഴ്ചവെക്കാത്ത പരാഗ് ഈ മത്സരത്തില്‍ ഒരു മാജിക്കും കാണിച്ചില്ല. ആറ് പന്തില്‍ നിന്നും നാല് റണ്‍സുമായി പരാഗ് പുറത്തായി. പോവുന്ന പോക്കില്‍ റിവ്യൂ കൂടി നഷ്ടപ്പെടുത്തിയാണ് പരാഗ് ടീമിന് മേല്‍ ഇരട്ട ബാധ്യതയായത്.
ബാറ്റിങ് ഓര്‍ഡറിലെ ഈ പരീക്ഷണങ്ങള്‍ ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ജെയ്‌സ്വാളിന്റെ റണ്‍ ഔട്ടും, ബാറ്റിങ് ഓര്‍ഡറില്‍ മുകളിലിറങ്ങി ഒരു ചലനവുമുണ്ടാക്കാതെ അശ്വിന്‍ കടന്നുപോയതും ഇംപാക്ട് പ്ലെയറായെത്തി ഒരു ഇംപാക്ടുമുണ്ടാക്കാതെ പോയ പരാഗിന്റെ പ്രകടനവും ആരാധകരുടെ നിരാശരാക്കുന്നുണ്ട്.
പരാഗിന് പകരം അനുഭവ സമ്പത്തുള്ള ജോ റൂട്ടിനെ ഒരിക്കല്‍ പോലും പരീക്ഷിക്കാതിരിക്കുന്നതിലും ആരാധകര്‍ക്ക് പ്രതിഷേധമുണ്ട്.
ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ന്നപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങി സ്‌കോര്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ച ജുറെലിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. എട്ട് പന്തില്‍ നിന്നും ഒമ്പത് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
നിലവില്‍ 14 ഓവര്‍ പിന്നിടമ്പോള്‍ 96ന് ഏഴ് എന്ന നിലയിലാണ് രാജസ്ഥാന്‍. 12 പന്തില്‍ നിന്നും ഏഴ് റണ്‍സുമായി ഹെറ്റ്‌മെയറും മൂന്ന് പന്തില്‍ നിന്നും ആറ് റണ്‍സുമായി ട്രെന്റ് ബോള്‍ട്ടുമാണ് ക്രീസില്‍.
Content Highlight: Rajasthan Royals’ poor decision against Gujarat Titans