| Tuesday, 24th January 2023, 10:55 am

ഇത്തവണ സഞ്ജു കപ്പുയര്‍ത്തുമോ? അവര്‍ വലിയൊരു സിഗ്നല്‍ തന്നിട്ടുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 15ാമത് എഡിഷനില്‍ കയ്യെത്തും ദൂരത്ത് നിന്നാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സിനും കിരീടം നഷ്ടമായത്. ഉദ്ഘാടന സീസണിന് ശേഷം ആദ്യമായിട്ടായിരുന്നു പിങ്ക് സിറ്റി ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

തങ്ങള്‍ക്ക് ആദ്യ കിരീടം നേടിത്തന്ന ഷെയ്ന്‍ വോണിന് വേണ്ടി രാജസ്ഥാന്‍ കപ്പുയര്‍ത്തുമെന്ന് ആരാധകര്‍ ഉറച്ചു വിശ്വസിച്ചു. എന്നാല്‍ ഐ.പി.എല്ലിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് അവരുടെ ഹോം ഗ്രൗണ്ടായ മൊട്ടേരയില്‍ വെച്ച് ഹര്‍ദിക്കും സംഘവും രാജസ്ഥാന്‍ റോയല്‍സിനെ കണ്ണീരണിയിക്കുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ വേണ്ടിയാണ് രാജസ്ഥാനും സഞ്ജുവും ഒരുങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ ടീമിന് ആവശ്യമായിരുന്നു ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറെ തന്നെ ടീമിലെത്തിച്ച് രാജസ്ഥാന്‍ തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു.

ആ ലക്ഷ്യത്തിലേക്ക് ഓടിയെത്താന്‍ രാജസ്ഥാന് ഇത്തവണ കുറച്ചുകൂടി എളുപ്പമാകുമെന്നാണ് റോയല്‍സ് താരങ്ങളുടെ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങള്‍ മറ്റു ലീഗുകളില്‍ കരുത്ത് കാട്ടിക്കൊണ്ടേയിരിക്കുന്നു.

സൗത്ത് ആഫ്രിക്കന്‍ ടി-20 ലീഗായ എസ്.എ 20യിലാണ് കഴിഞ്ഞ തവണത്തെ ഓറഞ്ച് ക്യാപ്പ് വിന്നറായ ജോസ് ബട്‌ലര്‍ കളിക്കുന്നത്. ക്രീസിലെത്തിയാല്‍ മുന്‍പിന്‍ നോക്കാതെ റണ്ണടിച്ചുകൂട്ടുന്ന ബട്‌ലര്‍ അതേ പ്രകടനം തന്നെയാണ് പാള്‍ റോയല്‍സിനും വേണ്ടി പുറത്തെടുക്കുന്നത്.

മിനി ലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് തന്റെ ക്ലാസ് പുറത്തെടുക്കുന്ന മറ്റൊരു താരം. ഐ.എല്‍ ടി-20യില്‍ ഗള്‍ഫ് ജയന്റ്‌സ് – ഡെസേര്‍ട്ട് വൈപ്പേഴ്‌സ് മത്സരത്തിലാണ് ഷിംറോണ്‍ തന്റെ കരീബിയന്‍ കരുത്ത് വ്യക്തമാക്കിയത്.

35 പന്തില്‍ നിന്നും 70 റണ്‍സ് നേടിയാണ് ഹെറ്റി പുറത്തായത്. അഞ്ച് സിക്‌സറും അഞ്ച് ബൗണ്ടറിയും നേടിയ ഹെറ്റ്‌മെയറായിരുന്നു ജയന്റ്‌സിന്റെ വിജയത്തിന് അടിത്തറയൊരുക്കിയത്.

ഐ.എല്‍ ടി-20യില്‍ നിന്ന് തന്നെയാണ് രാജസ്ഥാന്‍ റോയല്‍സിന് ആവേശമുണര്‍ത്തിക്കൊണ്ട് മറ്റൊരു ബാറ്ററും തകര്‍ത്തടിക്കുന്നത്. ദുബായ് ക്യാപ്പിറ്റല്‍സിന് വേണ്ടി മുന്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് വമ്പനടികളുമായി വിസ്മയം തീര്‍ക്കുന്നത്.

ടി-20യും തനിക്ക് പറ്റുന്ന പണിയാണെന്ന് വിമര്‍ശകര്‍ക്ക് കാണിച്ചുകൊടുത്തുകൊണ്ടാണ് റൂട്ട് ലീഗില്‍ തരംഗമാവുന്നത്. ഷാര്‍ജ വാരിയേഴ്‌സിനെതിരെ 54 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 80 റണ്‍സും മുംബൈ എമിറേറ്റ്‌സിനെതിരെ നേടിയ 82 റണ്‍സും ആരാധകരില്‍ ഉണര്‍ത്തുന്ന പ്രതീക്ഷ ചെറുതല്ല.

53.5 ശരാശരിയിലും 134 എന്ന സ്‌ട്രൈക്ക് റേറ്റിലും 214 റണ്‍സാണ് റൂട്ട് ഇതിനോടകം സ്വന്തമാക്കിയത്.

ഇവര്‍ക്ക് പുറമെ ജേസണ്‍ ഹോള്‍ഡര്‍ എസ്.എ 20യില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിന് വേണ്ടിയും ട്രെന്റ് ബോള്‍ട്ട് ഐ.എല്‍ ടി-20യില്‍ മുംബൈ എമിറേറ്റ്‌സിന് വേണ്ടിയും തെറ്റില്ലാത്ത പ്രകടനവും പുറത്തെടുക്കുന്നുണ്ട്.

മറ്റ് ലീഗുകളില്‍ പുറത്തെടുക്കുന്ന പ്രകടനം ഇവര്‍ക്ക് മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി പുറത്തെടുക്കാന്‍ സാധിക്കുകയാണെങ്കില്‍ ഐ.പി.എല്‍ 2023 കിരീടത്തിനായി മുമ്പിലോടുന്ന ടീമാവാന്‍ രാജസ്ഥാന് സാധിക്കുമെന്നുറുപ്പാണ്.

Content Highlights: Rajasthan Royals players have shown great performance in other leagues

We use cookies to give you the best possible experience. Learn more