കേരളത്തിലെ ബസ് ഡ്രൈവറുടെ മകന്‍ ഐ.പി.എല്‍ കളിക്കും; എല്ലാത്തിനും കാരണമായത് സഞ്ജു
IPL
കേരളത്തിലെ ബസ് ഡ്രൈവറുടെ മകന്‍ ഐ.പി.എല്‍ കളിക്കും; എല്ലാത്തിനും കാരണമായത് സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th December 2022, 5:21 pm

ഐ.പി.എല്ലിന്‍ 2023 എഡിഷന് മുന്നോടിയായി നടന്ന താര ലേലം കൊച്ചിയില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. വീറും വാശിയും നിറഞ്ഞ ലേലത്തില്‍ ഐ.പി.എല്ലിന്റ ചരിത്രത്തില്‍ തന്നെ ഇതുവരെയില്ലാത്ത തരത്തിലുള്ള ബിഡ്ഡിങ്ങായിരുന്നു നടന്നത്.

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി മൂന്ന് മലയാളി താരങ്ങളെയും വിവിധ ടീമുകള്‍ ലേലത്തില്‍ സ്വന്തമാക്കിയിരുന്നു. വിഷ്ണു വിനോദിനെ 20 ലക്ഷം രൂപക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചപ്പോള്‍ കെ.എം. ആസിഫിനെയും അബ്ദുള്‍ ബാസിത്തിനെയും രാജസ്ഥാന്‍ റോയല്‍സും ടീമിലെത്തിച്ചു.

ആസിഫിനെ 30 ലക്ഷത്തിനും ബാസിത്തിനെ 20 ലക്ഷത്തിനുമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് ടീമിലെടുത്തതില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു ബാസിത് പറഞ്ഞത്.

‘ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഞാന്‍ രാജസ്ഥാനൊപ്പം ചേരുന്നതില്‍ ഏറെ സന്തോഷവാനാണ്,’ താരം പറഞ്ഞു.

താന്‍ കേരള ടീമിനൊപ്പം കളിക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഏറെ പിന്തുണച്ചിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ തന്റെ അച്ഛനും മികച്ച പിന്തുണയാണ് തനിക്ക് നല്‍കുന്നതെന്നും ബാസിത് സ്‌പോര്‍ട്‌സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സഞ്ജു സാംസണാണ് തന്നെ ട്രയല്‍സുകളില്‍ പങ്കെടുക്കാന്‍ കൊണ്ടുപോയതെന്നും ടീമില്‍ സെലക്ഷന്‍ ലഭിച്ചതിന് പിന്നാലെ സഞ്ജു സാംസണ്‍ വെല്‍ക്കം ടൂ ദി ഫാമിലി എന്നാണ് പറഞ്ഞതെന്നും താരം പറയുന്നു.

ബാസിത്തിന് പുറമെ മീഡിയം പേസറായ ആസിഫിനെയും രാജസ്ഥാന്‍ ടീമിലെത്തിച്ചിരുന്നു. താരത്തിന്റെ കരിയറില്‍ തന്നെ ബ്രേക്ക് ത്രൂ ആവാനുള്ള പിക് ആയിട്ടാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്.

നേരത്തെ ആസിഫ് ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയും കളിച്ചിരുന്നു.

മിനി ലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയ താരങ്ങള്‍

ജേസണ്‍ ഹോള്‍ഡര്‍ (5.75 കോടി), ഡോണോവാന്‍ ഫെരേര (50 ലക്ഷം), കുണാല്‍ റോത്തോര്‍ (20 ലക്ഷം), ആരം സാംപ (1.5 കോടി), കെ.എം. ആസിഫ് (30 ലക്ഷം), മുരുഗന്‍ അശ്വിന്‍ (20 ലക്ഷം), ആകാശ് വസിഷ്ഠ് (20 ലക്ഷം), അബ്ദുള്‍ ബാസിത് പി.എ. (20 ലക്ഷം), ജോ റൂട്ട് (ഒരു കോടി)

മിനി ലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, ഒബെഡ് മക്കോയ്, നവദീപ് സൈനി, കുല്‍ദീപ് സെന്‍, കുല്‍ദീപ് യാദവ്, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡോണോവന്‍ ഫെരേര, കുണാല്‍ റാത്തോര്‍, ആദം സാംപ, കെ.എം. ആസിഫ്, മുരുഗന്‍ അശ്വിന്‍, ആകാശ് വസിഷ്ഠ്, അബ്ദുള്‍ ബാസിത് പി. എ, ജോ റൂട്ട്.

 

Content Highlight: Rajasthan Royals picks Abdul Basith in mini auction