| Friday, 29th April 2022, 5:53 pm

ഈ മത്സരത്തില്‍ തോല്‍ക്കാനാവില്ല; മുംബൈ ഇന്ത്യന്‍സിനെതിരെ പുതിയ ആവേശത്തില്‍ രാജസ്ഥാന്‍; താങ്ങും തണലുമാവാന്‍ ആ അദൃശ്യ കരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരം സ്പിന്‍ ഇതിഹാസവും ടീമിന്റെ ആദ്യ ക്യാപ്റ്റനും കോച്ചുമായ ഷെയ്ന്‍ വോണിന് സമര്‍പ്പിക്കാനൊരുങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഇതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ജേഴ്‌സി ധരിച്ചാവും രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്.

സ്‌പെഷ്യല്‍ ജേഴ്‌സിയുടെ കോളറില്‍ SW23 എന്ന ഇനീഷ്യലുകള്‍ ഉള്‍പ്പെടുത്തിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ നവി മുംബൈ ഡി.വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലെ ഒരു ഭാഗം തങ്ങളുടെ പ്രിയപ്പെട്ട ലെജന്‍ഡിനോടുള്ള ആദരവ് എന്ന നിലയില്‍ ഷെയ്ന്‍ വോണ്‍ ട്രിബ്യൂട്ട് ഗാലറിയാക്കി മാറ്റാനും ഒരുങ്ങുന്നുണ്ട്.

2008ല്‍ ഇതേ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു രാജസ്ഥാന്‍ വോണിന് കീഴില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. എഴുതിത്തള്ളിയ ഒരു കൂട്ടം താരങ്ങളുമായെത്തി ഐ.പി.എല്ലിന്റെ കിരീടം തന്നെ സ്വന്തമാക്കിയ ഷെയ്ന്‍ വോണ്‍ മാജിക്കിന് തുടക്കം കുറിച്ചതും ഇതേ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു.

ഇതിനെല്ലാം പുറമെ വോണിന്റെ സഹോദരന്‍ ജേസന്‍ വോണും മത്സരം കാണാന്‍ മുംബൈയിലേക്കെത്തുന്നുണ്ട്.

മാര്‍ച്ച് നാലിനായിരുന്നു ലോകം കണ്ട എക്കാലത്തേയും മികച്ച ലെഗ് സ്പിന്നറായ ഷെയ്ന്‍ വോണ്‍ ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതമായിരുന്നു മരണകാരണം. തായ്ലാന്‍ഡിലെ കോ സമുയിയിലെ തന്റെ വില്ലയിലായിരുന്നു വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2008ലെ ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു കിരീടം ചൂടിയിരുന്നത്. ആര്‍ക്കും അറിയാത്ത യുവ താരങ്ങളെ ചേര്‍ത്തു നിര്‍ത്തിയായിരുന്നു രാജസ്ഥാന്‍ ഐ.പി.എല്ലിന്റെ ആദ്യ ചാമ്പ്യന്‍മാരായത്.

ഒരേസമയം ടീമിന്റെ കോച്ചായും ക്യാപ്റ്റ്നായും ഡബിള്‍ റോളിലാണ് വോണ്‍ റോയല്‍സിനെ നയിച്ചത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ കിരീടം നേടിയ ഏക ക്യാപ്റ്റന്‍ കോച്ചും ഷെയ്ന്‍ വോണ്‍ മാത്രമാണ്.

2008ലെ സ്വപ്‌നതുല്യമായ പ്രകടനത്തിന് ശേഷം രാജസ്ഥാന് ഐ.പി.എല്ലിന്റെ കിരീടത്തിനടുത്ത് ഒരിക്കല്‍ പോലും എത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മറ്റ് സീസണുകളെ അപേക്ഷിച്ച് രാജസ്ഥാന് ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന സീസണ്‍ 2022ലേത്.

മികച്ച ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമാണ് രാജസ്ഥാന്റെ കരുത്ത്. ബാറ്റിംഗില്‍ ബട്‌ലറും പടിക്കലും സഞ്ജുവും ഹെ്റ്റ്‌മെയറും തിളങ്ങുമ്പോള്‍ ബൗളിംഗില്‍ ബോള്‍ട്ടും ചഹലും അശ്വിനും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത റിയാന്‍ പരാഗും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇതിനെല്ലാം പുറമെ ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു മികച്ച രീതിയില്‍ തന്നെയാണ് രാജസ്ഥാനെ നയിക്കുന്നത്. പ്രഷര്‍ സിറ്റ്വേഷനില്‍ താരം ടീമിനും സഹതാരങ്ങള്‍ക്കും നല്‍കുന്ന പിന്തുണ ചെറുതല്ല. ഇതും രാജസ്ഥാന്റെ വിജയത്തിലെ നിര്‍ണായകഘടകമാണ്.

നിലവില്‍ എട്ട് മത്സരത്തില്‍ നിന്നും ആറ് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് രാജസ്ഥാന്‍.

Content Highlight:  Rajasthan Royals pay tribute to Shane Warne in DY Patil Stadium Navi Mumbai

We use cookies to give you the best possible experience. Learn more