| Thursday, 18th May 2023, 11:50 pm

അവസാന മത്സരം, ഇതോടെ ഞങ്ങള്‍ വിട പറയും; പ്ലേ ഓഫിന് സാധ്യതകളുണ്ടായിരിക്കെ തുറന്നടിച്ച് രാജസ്ഥാന്റെ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ നേരിയ തോതിലെങ്കിലും സാധ്യത കല്‍പിക്കുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. മറ്റ് ടീമുകളെ അപേക്ഷിച്ചുള്ള മികച്ച നെറ്റ് റണ്‍ റേറ്റാണ് ഇതിലെ പ്രധാന ഘടകം. മെയ് 19ന് ധര്‍മശാലയില്‍ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഒരുപക്ഷേ പ്ലേ ഓഫില്‍ പ്രവേശിക്കാനും രണ്ടാം കിരീടം സ്വന്തമാക്കാനും രാജസ്ഥാന് സാധിച്ചേക്കും.

പഞ്ചാബിനെതിരെ വിജയിച്ച് രാജസ്ഥാന്‍ പ്ലേ ഓഫില്‍ പ്രവേശിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിക്കുന്നത്.

എന്നാല്‍ ആ വിശ്വാസം വെച്ചുപുലര്‍ത്താത്ത ഒരാള്‍ രാജസ്ഥാന്‍ ടീമില്‍ തന്നെയുണ്ട്. പഞ്ചാബിനെതിരായ മത്സരം തങ്ങളുടെ അവസാനത്തേതാണെന്നും വിജയത്തോടെ സീസണിനോട് വിട പറയാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമാണ് സ്റ്റാര്‍ പേസര്‍ സന്ദീപ് ശര്‍മ പറയുന്നത്.

‘ഇത് വളരെ എളുപ്പത്തില്‍ കളിക്കാവുന്നതാണ്, കാര്യമായി ചിന്തിക്കേണ്ട ആവശ്യമില്ല. കളത്തിലിറങ്ങി നിങ്ങള്‍ക്കെന്താണോ മികച്ച രീതിയില്‍ ചെയ്യാന്‍ സാധിക്കുന്നത് അത് പ്രകടമാക്കി തിരിച്ചുവരിക.

എന്നാല്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ സീസണിലെ അവസാന മത്സരത്തിനാണ് നാളെ ഞങ്ങള്‍ ഇറങ്ങുന്നത്. മികച്ച വിജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ മത്സരത്തിന്റെ തലേന്ന് സന്ദീപ് ശര്‍മ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ ടീമുകളും പ്ലേ ഓഫില്‍ പ്രവേശിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ഈ സീസണ്‍ അല്‍പം പ്രയാസകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ശരിക്കും ഇത് അല്‍പം സമ്മര്‍ദ്ദം നിറഞ്ഞതാണ്. എല്ലാ ടീമുകളും പ്ലേ ഓഫില്‍ പ്രവേശിക്കാനാണ് ശ്രമിക്കുക, ഞങ്ങളും അതിന് വേണ്ടി തന്നെയാണ് കളത്തിലിറങ്ങിയത്, എന്നാല്‍ ഈ വര്‍ഷം ഞങ്ങളെ സംബന്ധിച്ച് അത് പ്രയാസമേറിയതായിരുന്നു. എന്നാല്‍ ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ സ്വന്തം ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനും വിജയിക്കാനും വേണ്ടിയാണ് ശ്രമിക്കുന്നത്,’ സന്ദീപ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് അല്‍പം ഇളക്കം തട്ടിയിട്ടുണ്ടെങ്കിലും ആ സാധ്യത പൂര്‍ണമായും ഇല്ലാതായിട്ടില്ല.

നിലവില്‍ 13 മത്സരത്തില്‍ നിന്നും ആറ് വിജയത്തോടെ 12 പോയിന്റാണ് രാജസ്ഥാനുള്ളത്. മുംബൈ ഇന്ത്യന്‍സിന് പിന്നില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാനിപ്പോള്‍. എങ്കിലും മുംബൈയെക്കാളേറെ നെറ്റ് റണ്‍ റേറ്റ് ഉണ്ടെന്നുള്ളത് രാജസ്ഥാന് തുണയായേക്കും.

Content highlight: Rajasthan Royals pacer Sandeep Sharma says the match against Punjab Kings will be their last in the season

We use cookies to give you the best possible experience. Learn more