വരാനിരിക്കുന്ന ഏഷ്യാ കപ്പിനെ ഏറെ ആവേശത്തോടെയാണ് ഇന്ത്യന്‍ ആരാധകര്‍ നോക്കിക്കാണുന്നത്. കിരീടം നിലനിര്‍ത്താനുറച്ച് ഇന്ത്യന്‍ ടീം യു.എ.ഇയിലിറങ്ങുമ്പോള്‍ കണക്കിലെ കളികളും ഇന്ത്യക്ക് അനുകൂലമാണ്.
യു.എ.ഇയില്‍ കളിച്ച എല്ലാ ഏഷ്യാ കപ്പിലും ജേതാക്കള്‍ ഇന്ത്യ തന്നെയാണ്.
വരാനിരിക്കുന്ന ലോകകപ്പിന് കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റായിട്ടാണ് നടക്കുന്നത്. 2016ലായിരുന്നു ഏഷ്യാ കപ്പ് ആദ്യവും അവസാനവുമായി ടി-20 ഫോര്‍മാറ്റില്‍ നടന്നത്. അന്നും ഇന്ത്യ തന്നെയായിരുന്നു ജേതാക്കളായത്.
ഇന്ത്യന്‍ ടീമിന്റെ ബാറ്റര്‍മാര്‍ അടിച്ചുകളിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യ പിന്നെ അണ്‍സ്റ്റോപ്പബിളാണ്. ഇന്ത്യയുടെ ബാറ്റര്‍മാര്‍ക്ക് കരുത്തേകാനായി യു.എ.യിലെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം കുല്‍ദീപ് സെന്‍.
നെറ്റ് ബൗളറായാണ് താരം ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റര്‍മാരുടെ നെറ്റ് സെഷനുകള്‍ കൂടുതല്‍ മികച്ചതാക്കാന്‍ രാജസ്ഥാന്റെ പേസ് സെന്‍സേഷന്‍ കുല്‍ദീപ് സെന്നിന്റെ വരവോടെ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ബൗളിങ്ങിലെ സ്വിങ്ങും വന്യമായ വേഗതയുമാണ് സെന്നിനെ തെരഞ്ഞെടുത്തതിന്റെ പിന്നിലെ പ്രധാന കാരണങ്ങള്‍. ഐ.പി.എല്ലിലേതെന്ന പോലെ 145 കിലോമീറ്റര്‍ വേഗതയില്‍ നെറ്റ്‌സിലും പന്തെറിയാന്‍ സെന്നിനാവുമെന്നാണ് ടീം കണക്കുകൂട്ടുന്നത്.
രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മധ്യപ്രദേശുകാരന് സാധിച്ചിരുന്നു. എട്ട് വയസ്സില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ സെന്‍, 2018ല്‍ മധ്യപ്രദേശിന് വേണ്ടി കളിച്ചുകൊണ്ടാണ് തന്റെ ആഭ്യന്തര അരങ്ങേറ്റം കുറിച്ചത്.
ഐ.പി.എലില്‍ ഏഴ് മത്സരങ്ങളിലായി എട്ട് വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. ഏഷ്യാ കപ്പിലെ നാല് നെറ്റ് ബൗളര്‍മാരില്‍ ഒരാളാണ് കുല്‍ദീപ്. ആദ്യമായാണ് 25കാരന്‍ ഏതെങ്കിലും രൂപത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്.
സ്‌പോര്‍ട്‌സ് തക്കിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ രാഹുല്‍ റാവത്ത് ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ബി.സി.സി.ഐ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ ഓഗസ്റ്റ് 22ന് കുല്‍ദീപിനെ വിളിച്ച് നെറ്റ് ബൗളറായി ദുബായിലേക്ക് പോകാന്‍ പറഞ്ഞിരുന്നെന്ന് സെന്നിന്റെ സഹോദരനും വ്യക്തമാക്കി.
ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ – പാക് മത്സരം ഓഗസ്റ്റ് 28നാണ് നടക്കുന്നത്.
Content Highlight: Rajasthan Royals pacer Kuldeep Sen joins India’s Asia Cup squad as net bowler