ഹര്‍ദിക്കിന് മുമ്പില്‍ നൂറ് ശതമാനം തോല്‍വി; വിജയം തേടി സഞ്ജു എതിരാളികള്‍ക്ക് മുമ്പിലേക്ക്
IPL
ഹര്‍ദിക്കിന് മുമ്പില്‍ നൂറ് ശതമാനം തോല്‍വി; വിജയം തേടി സഞ്ജു എതിരാളികള്‍ക്ക് മുമ്പിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 16th April 2023, 4:59 pm

ഐ.പി.എല്‍ 2023ലെ 23ാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ സീസണില്‍ തങ്ങള്‍ ഫൈനലില്‍ പരാജയപ്പെടുത്തിയ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ടൈറ്റന്‍സിന്റെ എതിരാളികള്‍.

കഴിഞ്ഞ വര്‍ഷം ഫൈനല്‍ നടന്ന അതേ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഇരുവരും ഫൈനലിന് ശേഷം ആദ്യമായി ഏറ്റുമുട്ടാനൊരുങ്ങുന്നത്.

ഏപ്രില്‍ 16ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലേക്കിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് തങ്ങളുടെ ഏറ്റവും വലിയ കളങ്കം മാറ്റിയെടുക്കണമെന്ന ഉദ്ദേശവും ഉണ്ടാകും. കഴിഞ്ഞ സീസണില്‍ ഫൈനലിലടക്കം മൂന്ന് മത്സരങ്ങളില്‍ ഇരുവരും കളിച്ചപ്പോള്‍ മൂന്ന് മത്സരവും പരാജയപ്പെടാനായിരുന്നു രാജസ്ഥാന്റെ വിധി.

2022 ഏപ്രില്‍ 14നായിരുന്നു രാജസ്ഥാനും ഗുജറാത്തും ഏറ്റമുട്ടിയത്. ഡി.വി. പാട്ടീല്‍ സറ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 37 റണ്‍സിനായിരുന്നു ഗുജറാത്ത് വിജയിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ മിന്നുന്ന പ്രകടനത്തില്‍ വിജയം പിടിച്ചടക്കുകയായിരുന്നു. 52 പന്തില്‍ നിന്നും പുറത്താകാതെ 87 റണ്‍സുമായി ഹര്‍ദിക് തിളങ്ങിയപ്പോള്‍ ടൈറ്റന്‍സ് 192ലേക്കുയര്‍ന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

2022 മെയ് 24ന് നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 189 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.

രാജസ്ഥാനായി ജോസ് ബട്‌ലറും സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കില്ലര്‍ മില്ലറിന്റെ കരുത്തിലായിരുന്നു ടൈറ്റന്‍സ് ഒരിക്കല്‍ക്കൂടി രാജസ്ഥാനെ മറികടന്നത്.

തുടര്‍ന്ന് ഫൈനലിലായിരുന്നും ടൈറ്റന്‍സിന് മുമ്പില്‍ രാജസ്ഥാന് ഒരിക്കല്‍ക്കൂടി പരാജയം രുചിക്കേണ്ടി വന്നത്. ഫൈനലില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും 11 പന്തും ബാക്കി നില്‍ക്കെ ടൈറ്റന്‍സ് മറികടക്കുകയായിരുന്നു.

 

 

അതേസമയം, ഐ.പി.എല്‍ 2023യില്‍ മികച്ച പ്രകടനാണ് രാജസ്ഥാന്‍ നടത്തുന്നത്. നിലവില്‍ നാല് മത്സരത്തില്‍ മൂന്ന് വിജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് രാജസ്ഥാന്‍.

നാല് മത്സരത്തില്‍ നിന്നും മൂന്ന് വിജയമുണ്ടെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ മൂന്നാമതാണ് ടൈറ്റന്‍സ്.

 

Content Highlight: Rajasthan Royals never defeated Gujarat Titans in IPL