| Wednesday, 5th July 2023, 11:23 am

കാര്യമറിയാതെയാണ് സഞ്ജുവിനെയും സംഘത്തെയും കുറ്റക്കാരാക്കിയത്; തെറ്റ് തിരുത്തി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ നെറ്റ് ബൗളര്‍മാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെന്നും വേണ്ടവിധത്തില്‍ പരിഗണിച്ചില്ലെന്നും ആരോപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിക്രാന്ത് ഗുപ്ത രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

നെറ്റ് ബൗളേഴ്‌സിന് താമസിക്കാന്‍ പോലുമുള്ള സൗകര്യം രാജസ്ഥാന്‍ മാനേജ്‌മെന്റ് ഒരുക്കിയില്ലെന്നും അവര്‍ക്ക് മതിയായ ശമ്പളം നല്‍കിയില്ലെന്നുമായിരുന്നു വിക്രാന്തിന്റെ ആരോപണം.

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് വെളിപ്പെടുത്തുകയാണ് വിക്രാന്ത് ഗുപ്ത. വിഷയത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിശദീകരണത്തിന് പിന്നാലെയാണ് ഗുപ്ത തെറ്റ് തിരുത്തിയത്. സ്‌പോര്‍ട്‌സ് തക്കിലെ ചര്‍ച്ചയെ ഉദ്ധരിച്ച് പ്രമുഖ കായികമാധ്യമമായ ക്രിക്ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജസ്ഥാന്‍ താരങ്ങള്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ നെറ്റ് ബൗളേഴ്‌സിനെ ക്രിക്കറ്റ് അക്കാദമികളിലാണ് താമസിപ്പിച്ചതെന്നും അവരെ ഹോട്ടലില്‍ പോലും കയറ്റിയിരുന്നില്ല എന്നതായിരുന്നു അദ്ദേഹത്തേിന്റെ പ്രധാന ആരോപണം.

എന്നാല്‍ അവര്‍ക്കായി അക്കാദമിയില്‍ എല്ലാ തരത്തിലുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും, ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലിന് സമാനമായ സൗകര്യങ്ങളാണ് ക്രിക്കറ്റ് അക്കാദമിയില്‍ ഉള്ളതെന്നും രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നുവെന്ന് ഗുപ്ത പറഞ്ഞു.

തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങള്‍ക്കിടെ ഓയോ റൂമാണ് നെറ്റ് ബൗളേഴ്‌സിന് അനുവദിച്ചിരുന്നത് എന്നായിരുന്നു ഗുപ്തയുടെ മറ്റൊരു ആരോപണം. ഇതിനും രാജസ്ഥാന്‍ റോയല്‍സ് വിശദീകരണം നല്‍കിയിരുന്നു.

ആ സമയത്ത് ജി-20 ഉച്ചകോടി നടക്കുന്നതിനാല്‍ ഹോട്ടലുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് മറ്റ് മാര്‍ഗമൊന്നുമില്ലാത്തതിനാലാണ് അവര്‍ക്കായി ഓയോ റൂം ഏര്‍പ്പാടാക്കേണ്ടി വന്നത് എന്നാണ് രാജസ്ഥാന്‍ നല്‍കുന്ന വിശദീകരണം.

രാജസ്ഥാന്റെ നെറ്റ് ബൗളേഴ്‌സിന് വേണ്ടത്ര ശമ്പളം നല്‍കിയിട്ടില്ല എന്നായിരുന്നു വിക്രാന്തിന്റെ മറ്റൊരു ആരോപണം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നെറ്റ് ബൗളര്‍മാര്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കുമ്പോള്‍ 50,000 രൂപ മാത്രമാണ് രാജസ്ഥാന്‍ നല്‍കിയത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

എന്നാല്‍ ഈ വാദം ശരിയെല്ലാണ് റോയല്‍സിന്റെ വിശദീകരണം. തങ്ങള്‍ രണ്ട് മാസത്തേക്ക് 50,000 രൂപയല്ല, പകരം ഓരോ മാസവും 75,000 രൂപ നെറ്റ് ബൗളര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നാണ് രാജസ്ഥാന്‍ മാനേജ്‌മെന്റ് പറഞ്ഞത്. നെറ്റ് ബൗളര്‍മാരില്‍ ഒരാള്‍ക്ക് സീസണില്‍ ആറ് ലക്ഷം നല്‍കിയതായി റോയല്‍സ് വെളിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രജനീഷ് ഗുര്‍ബാനി, വിജയ്കാന്ത് വിയാസ്‌കാന്ത്, അനൂപ്, കാര്‍ത്തിക്, ശുഭം യാദവ്, വിഹാന്‍ ലുബേ, ഇവാന്‍ ജോണ്‍സ് എന്നിവരായിരുന്നു സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നെറ്റ് ബൗളര്‍മാര്‍.

കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയ സഞ്ജുവും സംഘവും ഇത്തവണ പ്ലേ ഓഫ് പോലും കാണാതെ പുറത്തായിരുന്നു. ആദ്യ മത്സരങ്ങളില്‍ പുറത്തെടുത്ത മികവ് തുടര്‍ന്നും നിലനിര്‍ത്താന്‍ സാധിക്കാതെ പോയതാണ് രാജസ്ഥാന്‍ റോയല്‍സിന് വിനയായത്.

14 മത്സരത്തില്‍ നിന്നും ഏഴ് വീതം ജയവും തോല്‍വിയുമാണ് രാജസ്ഥാന്‍ റോയല്‍സിനുണ്ടായിരുന്നത്.

Content Highlight: Rajasthan Royals’ net bowlers were underpaid claims are false, senior journalist corrects mistake

We use cookies to give you the best possible experience. Learn more