| Tuesday, 12th January 2021, 2:19 pm

സ്മിത്ത് പുറത്തേക്ക്?സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായേക്കുമെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ മോശം ഫോം സഞ്ജുവിന് അനുകൂലമാകും.

സ്മിത്തിനെ ഈ സീസണില്‍ രാജസ്ഥാന്‍ നിലനിര്‍ത്താന്‍ സാധ്യത ഇല്ലെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഐ.പി.എല്ലിന്റെ ലേലത്തിന് മുന്‍പ് ടീമുകളോട് താരങ്ങളുടെ ലിസ്റ്റ് പുറത്തുവിടണമെന്ന് ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് സ്മിത്തിന് 311 റണ്‍സാണ് എടുക്കാനായത്. ഇതില്‍ മൂന്ന് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടും. മോശം ഫോമിനൊപ്പം ടീമിനെ പ്ലേ ഓഫിലെത്തിക്കാനും സ്മിത്തിനായില്ല.

സ്മിത്തിന് മുന്‍പ് അജിങ്ക്യ രഹാനെയായിരുന്നു റോയല്‍സിന്റെ ക്യാപ്റ്റന്‍. നിലവില്‍ ഓസീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റിലും മികച്ച ക്യാപ്റ്റന്‍സിയാണ് രഹാനെ പുറത്തെടുത്തത്.

എന്നാല്‍ റോയല്‍സ് മാനേജ്‌മെന്റ് ഒരു ഫ്രഷ് ക്യാപ്റ്റനെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ താരത്തിന് തന്നെയാകും റോയല്‍സ് ക്യാപ്റ്റന്റെ തൊപ്പി നല്‍കുക.

അങ്ങനെയെങ്കില്‍ സഞ്ജുവിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. നിലവില്‍ സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണ്ണമെന്റില്‍ കേരളത്തെ നയിക്കുന്നത് സഞ്ജുവാണ്.

ആദ്യ മത്സരത്തില്‍ കേരളത്തെ ജയത്തിലെത്തിക്കാനും സഞ്ജുവിനായിരുന്നില്ല. 2020 ഐ.പി.എല്‍ സീസണില്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് (375) നേടിയതും സഞ്ജുവായിരുന്നു.

ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും സാധ്യതാപട്ടികയിലുണ്ടെങ്കിലും വരാനുള്ള സീസണില്‍ ഇരുവരും എല്ലാ കളിയിലും ഉണ്ടാകുമെന്നുറപ്പില്ല.

2008 ലെ പ്രഥമ സീസണില്‍ ചാമ്പ്യന്‍മാരായതിന് ശേഷം 2013, 2015, 2018 സീസണുകളില്‍ പ്ലേ ഓഫിലെത്തിയതാണ് രാജസ്ഥാന്റെ ഐ.പി.എല്ലിലെ പ്രധാന നേട്ടം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rajasthan Royals mull releasing Steven Smith Sanju Samson IPL 2021

We use cookies to give you the best possible experience. Learn more