ആദ്യ തോല്‍വി വഴങ്ങി രാജസ്ഥാന്‍; അഫ്ഗാന്‍ കരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല
Sports News
ആദ്യ തോല്‍വി വഴങ്ങി രാജസ്ഥാന്‍; അഫ്ഗാന്‍ കരുത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th April 2024, 8:03 am

ഇന്നലെ ജയ്പൂരില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ഇറങ്ങിയ സഞ്ജുവിനും സംഘത്തിനും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടാന്‍ സാധിച്ചത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ ഗുജറാത്തിനെ വിജയത്തില്‍ എത്തിച്ചത് 11 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ റാഷിദ് ഖാന്‍ ആണ്. പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയതും താരമാണ്.

റാഷിദിന് പുറമേ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 44 പന്തില്‍ നിന്ന് രണ്ട് സിക്‌സ് 6 ഫോറും അടക്കം 72 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍ സായി സുദര്‍ശന്‍ 29 പന്തില്‍ നിന്ന് 35 റണ്‍സും നേടി.

രാജസ്ഥാന്‍ ബൗളിങ് നിരയില്‍ കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റുകള്‍ നേടിയെങ്കിലും അവസാന ഘട്ടത്തില്‍ എക്‌സ്ട്രാസും റണ്‍സും വിട്ടുകൊടുത്ത് പ്രതീക്ഷയ്ക്ക് വിപരീതമായ പ്രകടനമാണ് കാഴ്ചവച്ചത്. ടീമിനുവേണ്ടി യൂസ് വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റുകളും നേടിയപ്പോള്‍ ആവേശ് ഖാന്‍ 48 റണ്‍സ് വിട്ടുകൊടുത്തു ഒരു വിക്കറ്റും നേടി.

അവസാന 12 ബോളില്‍ 28 റണ്‍സ് വിജയിക്കാനിരിക്കെ ആണ് രാജസ്ഥാന് കളി വിട്ടുകൊടുക്കേണ്ടി വന്നത്. ട്രെന്റ് ബോള്‍ട്ടിനെയും കേശവ് മഹാരാജിനെയും കൃത്യമായി ഉപയോഗിക്കുന്നതില്‍ സഞ്ജുവിന് പിഴവും പറ്റുകയായിരുന്നു. രണ്ട് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രമായിരുന്നു ബോള്‍ട്ട് വിട്ടുകൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 24 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‌ലര്‍ 8 റണ്‍സ് നേടി പുറത്തായി. പിന്നീട് സഞ്ജു സാംസണിന്റെയും റിയാന്‍ പരാഗിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ന്നത്.

സഞ്ജു 38 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 7 ഫോറും അടക്കം 68 റണ്‍സ് നേടിയപ്പോള്‍ പരാഗ് 48 പന്തില്‍ നിന്ന് അഞ്ചു സിക്‌സറും മൂന്ന് ബൗണ്ടറിയും അടക്കം 76 റണ്‍സ് ആണ് സ്വന്തമാക്കിയത്. 5 പന്തില്‍ 13 റണ്‍സ് നേടി ഷിംറോണ്‍ ഹെറ്റ്മയര്‍ മികവു പുലര്‍ത്തി.

ഗുജറാത്തിന്റെ ബൗളിങ് നിരയില്‍ ഉമേഷ് യാദവ്, റാഷിദ് ഖാന്‍, മോഹിത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ഇതോടെ അഞ്ചുകളികളില്‍ നാലു വിജയിയുമായി രാജസ്ഥാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കൊല്‍ക്കത്തയും.

 

Content Highlight: Rajasthan Royals Lose Against Gujarat