സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കിയാല്‍ ഒരു മോശം റെക്കോഡും വേണം, അത് ഇങ്ങേര്‍ക്ക് നിര്‍ബന്ധമാണ്; ഐ.പി.എല്ലില്‍ മോശം റെക്കോഡുമായി ജോസ് ബട്‌ലര്‍, കൂട്ടിന് ദ്രാവിഡും
ഐ.പി.എല്‍ 2022യിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍. സീസണിലെ ഏറ്റവുമധികം റണ്ണടിച്ച താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ എന്നതടക്കമുള്ള ഒരുപിടി സൂപ്പര്‍ റെക്കോഡുകളും ബട്‌ലര്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.
ഏറ്റവുമധികം ബൗണ്ടറിയും സിക്‌സറും സ്വന്തമാക്കിയ ബട്‌ലര്‍, മൂന്നു സ്വഞ്ച്വറികളും അത്രയും തന്നെ അര്‍ധ സ്വെഞ്ചറിയും ഈ സീസണില്‍ അടിച്ചുകൂട്ടിയിട്ടുണ്ട്.
സൂപ്പര്‍ റെക്കോഡുകള്‍ തന്റെ പേരിലാക്കുമ്പോഴും മോശം റെക്കോഡും കൂട്ടിന് വേണം എന്ന് നിര്‍ബന്ധമുള്ളതുപോലെയാണ് താരത്തിന്റെ സമീപകാല പ്രകടനം.
സീസണിന്റെ തുടക്കത്തില്‍ റണ്‍മെഷീനെ പോലെ സെഞ്ച്വറിയടിച്ചുകൂട്ടി, വിരാട് കോഹ്‌ലിയുടെ റെക്കോഡ് മറികടക്കും എന്ന് തോന്നിച്ചിരുന്നെങ്കിലും, ഇപ്പോള്‍ 20 റണ്ണിനപ്പുറം കടക്കാന്‍ പാടുപെടുന്ന ബട്‌ലറാണ് രാജസ്ഥാന്റെ പ്രധാന ആശങ്കകളിലൊന്ന്.
ഇതിനെല്ലാം പുറമെ ഒരു മോശം റെക്കോഡും താരമിപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഒരു സീസണിലെ പവര്‍ പ്ലേ ഓവറില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ വഴങ്ങിയ രണ്ടാമത്തെ താരം എന്ന റെക്കോഡാണ് ബട്‌ലര്‍ തന്റെ പേരിലാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ ഏറ്റവുമധികം ഡോട്ട് ബോളുകള്‍ വഴങ്ങിയത് ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്. 2012ല്‍ രാജസ്ഥാനു വേണ്ടി കളിക്കുമ്പോള്‍ 131 ഡോട്ട് ബോളുകള്‍ ദ്രാവിഡ് കണ്‍സീഡ് ചെയ്തിട്ടുള്ളത്. 123 ഡോട്ട് ബോളുകളുമായി ഡ്വെയന്‍ സ്മിത്താണ് പട്ടികയിലെ മൂന്നാമന്‍.
സീസണില്‍ ബട്‌ലറിന് രണ്ടോ മൂന്നോ മത്സരം ബാക്കി നില്‍ക്കെ ഈ പോക്കാണ് പോവുന്നതെങ്കില്‍ ദ്രാവിഡിനെയും മറികടക്കും എന്നാണ് ആരാധകര്‍ പറയുന്നത്.
പതിഞ്ഞ താളത്തിലാണ് ജോസ് തന്റെ ഇന്നിംഗ്സുകള്‍ തുടങ്ങാറുള്ളത്. ക്രീസില്‍ നിലയുറപ്പിച്ച ശേഷം ബൗളര്‍മാരെ പഞ്ഞിക്കിടുന്നതാണ് താരത്തിന്റെ രീതി. ഈ സീസണില്‍ രാജസ്ഥാന്റെ മുന്നേറ്റത്തിന് പ്രാധാന പങ്ക് വഹിച്ചത് ഈ രീതി തന്നെയാണ്.
ആദ്യ 7 കളിയില്‍ 491 റണ്ണുകള്‍ നേടിയ ബട്ല്റിന് പക്ഷെ പിന്നീടുള്ള 7 കളികളില്‍ 138 റണ്‍ മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളു എന്നത് രാജസ്ഥാന്‍ ക്യാമ്പിനെ കാര്യമായി ആശങ്കയിലാഴ്ത്തുന്നുണ്ട്.
2018ന് ശേഷം ആദ്യമായി പ്ലേ ഓഫ് കളിക്കാനിറങ്ങുന്ന രാജസ്ഥാനെ കിരീടമണിയിക്കാന്‍ താരം ഫോം വീണ്ടെടുത്ത് തിരിച്ചുവരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഗ്രൂപ്പ് ഘട്ടത്തില്‍ 18 പോയിന്റുമായാണ് രാജസ്ഥാന്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുന്നത്. 10 കളികള്‍ ജയിച്ചുവന്ന ഗുജറാത്ത് ടൈറ്റന്‍സാണ് ക്വാളിഫയര്‍ വണ്ണില്‍ രാജസ്ഥാന്റെ എതിരാളികള്‍.