എടാ മോനെ...ജോസിനേട് വേണ്ട കളി; കൊല്‍ക്കത്തയെ തകര്‍ത്തു രാജസ്ഥാന് ചരിത്ര നേട്ടം
Sports News
എടാ മോനെ...ജോസിനേട് വേണ്ട കളി; കൊല്‍ക്കത്തയെ തകര്‍ത്തു രാജസ്ഥാന് ചരിത്ര നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th April 2024, 9:08 am

ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വിക്കറ്റിന്റെ അവിശ്വസനീയ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 223 സ്‌കോറാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ വിജയസാധ്യത 30% ത്തില്‍ നിന്നുമാണ് സ്റ്റാര്‍ ബാറ്റര്‍ ജോസ് ബട്‌ലര്‍ ഐതിഹാസികമായ പ്രകടനത്തിലൂടെ രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ 6 സിക്സും 9 ഫോറും ഉള്‍പ്പെടെ 106* റണ്‍സാണ് ബട്ലര്‍ അടിച്ചുകൂട്ടിയത്.

ഐതിഹാസികമായ വിജയത്തില്‍ രാജസ്ഥാന്‍ തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ടാര്‍ഗറ്റ് ചെയ്‌സിങ്ങിനു സാക്ഷ്യം വഹിക്കുകയായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സ്. ഇത് രണ്ടാമത്തെ തവണയാണ് രാജസ്ഥാന്‍ ഏറ്റവും വലിയ ടാര്‍ഗറ്റ് ചെയ്‌സിങ് നടത്തുന്നത്.

2020ല്‍ പഞ്ചാബിനെതിരെയായിരുന്നു രാജസ്ഥാന്‍ ആദ്യമായി 224 ചെയ്‌സ് ചെയ്തത്.
ഇപ്പോള്‍ കൊല്‍ക്കത്തക്കെതിരെയും വിജയത്തോടെ ചരിത്രം നേട്ടമാണ് രാജസ്ഥാന്‍ ഐ.പി.എല്ലില്‍ സ്വന്തമാക്കിയത്. മുമ്പ് 2019ല്‍ മുംബൈ ചെന്നൈക്ക് എതിരെ 219 റണ്‍സിന്റെ ചെയ്സിങ് വിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ജെയ്‌സ്വാള്‍ പതിവുപോലെ 19 റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 റണ്‍സില്‍ കൂടാരം കയറി ആരാധകരെ നിരാശരാക്കി. മത്സരം മുന്നോട്ടു കൊണ്ടുപോയത് ബട്‌ലറും 34 റണ്‍സ് നേടിയ റിയാന്‍ പരാഗുമാണ്. രണ്ടു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 14 പന്തില്‍ നിന്നാണ് താരം മികച്ച പ്രകടനം പുറത്തെടുത്തത്.

പിന്നീട് 36 പന്തില്‍ 96 റണ്‍സ് വിജയലക്ഷ്യം ആയിരുന്ന ഘട്ടത്തില്‍ റോമാന്‍ പവലും ജോസ് ബട്ടറും ആഞ്ഞടിക്കുകയായിരുന്നു. പവല്‍ 13 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 26 റണ്‍സ് നേടി പുറത്തായപ്പോള്‍ കളിയുടെ മുഴുവന്‍ ഭാരവും ജോസിന്റെ തലയില്‍ ആയി.

നിര്‍ണായകഘട്ടത്തിലാണ് ജോസ് കൊല്‍ക്കത്ത ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി രാജസ്ഥാന് വിജയത്തില്‍ എത്തിച്ചത്.

സുനില്‍ നരയ്ന്‍ നേടിയ അതിഗംഭീര സെഞ്ച്വറി പ്രകടനത്തിലാണ് കൊല്‍ക്കത്ത രാജസ്ഥാന്‍ എതിരെ വമ്പന്‍ സ്‌കോറില്‍ എത്തിയത്. നരയ്ന്‍ 56 പന്തില്‍ നിന്ന് 6 സിക്‌സും 13 ഫോറും ഉള്‍പ്പെടെ 106 റണ്‍സ് ആണ് നേടിയത്. കൊല്‍ക്കത്തയ്ക്കുവേണ്ടി അങ്കിഷ് രഘുവാംഷി 18 പന്തില്‍ നിന്ന് 32സും നേടിയിരുന്നു. ഇംപാക്ട് പ്ലെയറായി 20 റണ്‍സ് ആണ് റിങ്കു സിങ് നേടിയത്.

 

 

Content highlight: Rajasthan Royals In Record Achievement