| Tuesday, 25th April 2023, 7:52 pm

വല്ലാത്തൊരു ക്രിക്കറ്റ് തന്നെ; രാജസ്ഥാന്‍ സൂപ്പര്‍ റോയല്‍സിനെ തോല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്; കമാന്‍ഡര്‍ ഓഫ് ദി മാച്ച് ആയി ജോ റൂട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തിന്റെ മുന്നൊരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ 27ന് സ്വന്തം തട്ടകമായി സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ധോണിപ്പടക്കെതിരെ വീണ്ടും വിജയം നേടാനാണ് സഞ്ജുവും കൂട്ടരും ഒരുങ്ങുന്നത്.

പ്രാക്ടീസ് സെഷനുകളും മറ്റുമായി റോയല്‍സിന്റെ പടയൊരുക്കം തകൃതിയായി നടക്കുകയാണ്. പ്രാക്ടീസിനൊപ്പം ടീമിന്റെ രസകരമായ ആക്ടിവിറ്റികളും നിര്‍ബാധം തുടരുകയാണ്.

ഇത്തരത്തിലൊരു വീഡിയോ ആണ് രാജസ്ഥാന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. രാജസ്ഥാന്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും തമ്മിലുള്ള ഗള്ളി ക്രിക്കറ്റിന്റെ വീഡിയോ ആണ് ആരാധകരേറ്റെടുത്തിരിക്കുന്നത്.

നാല് പേരടങ്ങുന്ന രണ്ട് ടീമായാണ് മത്സരം നടന്നത്. റോയല്‍സിനായി ജോ റൂട്ട്, യൂസ്വേന്ദ്ര ചഹല്‍, ആകാശ് വസിഷ്ഠ്, ഡോണോവന്‍ ഫെരേര എന്നിവര്‍ കളത്തിലിറങ്ങിയപ്പോള്‍ സൂപ്പര്‍ റോയല്‍സ് എന്ന് പേരിട്ട ടീമിനായി അനൂജ്, പീയൂഷ്, മിഹിര്‍, ജയ്ദീപ് തുടങ്ങിയ ജൂനിയര്‍ താരങ്ങളുമാണ് ഇറങ്ങിയത്.

മത്സരത്തിന്റെ നിയമവും രസകരമായിരുന്നു. ഗ്രൗണ്ടില്‍ വെച്ച രണ്ട് ടയറുകള്‍ക്കിടയിലൂടെ പന്ത് അടിച്ചാലാണ് ടീമുകള്‍ക്ക് റണ്‍സ് ലഭിക്കുക. അടുത്തുള്ള ടയറിനുള്ളിലൂടെ അടിച്ചാല്‍ ആറ് റണ്‍സും ദൂരയുള്ള ടയറിലൂടെ അടിച്ചാല്‍ എട്ട് റണ്‍സുമാണ് ലഭിക്കുക. ടയറിനുള്ളിലൂടെ കടന്നില്ലെങ്കിലും പന്ത് ടയറില്‍ തട്ടിയാല്‍ രണ്ട് റണ്‍സും ലഭിക്കും.

ടോസ് നഷ്ടപ്പെട്ട് സൂപ്പര്‍ റോയല്‍സിനെതിരെ ബാറ്റ് ചെയ്ത റോയല്‍സ് നാല് ഓവറില്‍ 25 റണ്‍സാണ് നേടിയത്. 26 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൂപ്പര്‍ റോയല്‍സാകട്ടെ ഒമ്പത് റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ റോയല്‍സ് 16 റണ്‍സിന്റെ വിജയമാഘോഷിച്ചു.

റോയല്‍സിന്റെ ജോ റൂട്ടിനെയാണ് കമാന്‍ഡര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുത്തത്. കളിയിലുപയോഗിച്ച ഒരു ടയറാണ് കളിയിലെ താരമായതിന് സമ്മാനമായി നല്‍കിയത്.

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോ ആരാധകരേറ്റെടുത്തിരിക്കുകയാണ്.

Content Highlight: Rajasthan Royals’ gully cricket has gone viral

We use cookies to give you the best possible experience. Learn more