| Tuesday, 17th May 2022, 7:04 pm

ടീം ടാസ്‌ക്കില്‍ സഞ്ജുവിന്റെ മുട്ട പൊട്ടിയില്ല; പ്ലേ ഓഫിന് മുമ്പ് രാജസ്ഥാന്‍ ക്യാമ്പില്‍ ആഘോഷം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ഏറെ ടീം സ്പിരിറ്റുള്ള ഫ്രാഞ്ചൈസിയാണ് രാജസ്ഥാന്‍ റോയല്‍സ്. ക്രിക്കറ്റ് മൈതാനത്തിനകത്തും പുറത്തും രാജസ്ഥാന്‍ ടീം കാണിക്കുന്ന ടീം സ്പിരിറ്റും തമാശകളും ഇവര്‍ തമ്മിലുള്ള ബന്ധം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്.

ക്യാപ്റ്റനും കോച്ചും തമ്മിലും കോച്ചും താരങ്ങളും തമ്മിലും ക്യാപ്റ്റനും സഹതാരങ്ങളും തമ്മിലുള്ള ബോണ്ടും ഇവരുടെ തമാശകളും ഏറെ ചര്‍ച്ചയായതാണ്.

രാജസ്ഥാന്‍ ക്യാമ്പില്‍ നടന്ന രസകരമായ ഒരു മത്സരത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘അണ്ടേ കാ ഫണ്ടാ’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെ രസകരമായ ഒരു ആക്ടിവിറ്റിയാണുള്ളത്.

താരങ്ങളെ നാല് ടീമായി തിരിച്ച ശേഷം ഇവര്‍ക്ക് ഓരോ മുട്ട നല്‍കുകയും, താഴെ വീണാല്‍ മുട്ട പൊട്ടാതിരിക്കാന്‍ ഇതിന് ചുറ്റും ഒരു കവചം ഉണ്ടാക്കാനും ആവശ്യപ്പെടുന്നു.

പരുത്തിയും പേപ്പര്‍ കപ്പും മറ്റും ഉപയോഗിച്ച് 10 മിനിറ്റിനകം ടാസ്‌ക് പൂര്‍ത്തിയാക്കണമെന്നും പറഞ്ഞു. ഇതിന് ശേഷം ഉയരത്തില്‍ നിന്നും താഴേക്കിടുകയും ഏത് ടീമിന്റെ മുട്ടയാണോ പൊട്ടാതിരിക്കുന്നത് അവരാണ് ടാസ്‌ക്കില്‍ വിജയിക്കുക.

സഞ്ജുവിന്റെ ടീമിന്റെ മുട്ടയായിരുന്നു ആദ്യം താഴെയിട്ടത്. ശേഷം റിയാന്‍ പരാഗ്, ബട്‌ലര്‍, ബോള്‍ട്ട് എന്നിവരുടെ ടീമിന്റെ മുട്ടയും താഴെയിട്ടു. റിയാന്‍ പരാഗിന്റെ ടീമിന്റെ ഒഴികെ മറ്റെല്ലാ ടീമുകളുടേയും മുട്ട സുരക്ഷിതമായിരുന്നു.

ഇതിന് പിന്നാലെ ടൈ ബ്രേക്കര്‍ റൗണ്ട് നടത്തി ബട്‌ലറിന്റെ ടീമിനെ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

പ്ലേ ഓഫ് മത്സരത്തിന് മുമ്പായി താരങ്ങളുടെ സമ്മര്‍ദ്ദമില്ലാതാക്കാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ഇത്തരം ടാസ്‌ക്കുകള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിലവില്‍ പോയിന്റ് ടേബിളില്‍ രണ്ടമാതാണ് രാജസ്ഥാന്‍ റോയല്‍സ്. 13 മത്സരത്തില്‍ നിന്നും 16 പോയിന്റാണ് ടീമിനുള്ളത്. 13 മത്സരത്തില്‍ നിന്നും അത്രതന്നെ പോയിന്റുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് പോയിന്റ് പട്ടികയിവല്‍ രണ്ടാമത്.

നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടാണ് രാജസ്ഥാന്റെ അടുത്ത മത്സരം. മെയ് 20ന് ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. പ്ലേ ഓഫില്‍ നിന്നും പുറത്തായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ ഏറെ കരുതിയായിരിക്കും രാജസ്ഥാന്‍ കളത്തിലിറങ്ങുക.

Content Highlight: Rajasthan Royals funny team activity before Play Offs

We use cookies to give you the best possible experience. Learn more