| Wednesday, 14th June 2023, 11:04 am

'അവിടെ മുതലാണ് തോറ്റുതുടങ്ങിയത്; എല്ലാ ടീമിനും ഒരു മോശം മത്സരം വരും, ഞങ്ങള്‍ക്ക് അത് രണ്ടെണ്ണമായിരുന്നു'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനത്തെ പറ്റി പറയുകയാണ് ടീമിന്റെ ഫിറ്റ്‌നെസ് ട്രെയ്‌നര്‍ രാജാമണി. സീസണില്‍ ഒരു മത്സരത്തിലെ തോല്‍വി രാജസ്ഥാന്‍ റോയല്‍സിന്റെ മൊമെന്റം നഷ്ടപ്പെടുത്തിയതിനെ കുറിച്ചും മറ്റ് മത്സരങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. സ്‌പോര്‍ട്‌സ് വികടന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘ഈ സീസണിന്റെ തുടക്കം ഞങ്ങളെ സംബന്ധിച്ച് അതിഗംഭീരമായിരുന്നു. ആറിലെ അഞ്ച് മത്സരങ്ങളും വിജയിച്ചു. എല്ലാം മികച്ച ടീമുകളെ തോല്‍പിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നേറിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ഇവരെയെല്ലാം തോല്‍പിച്ചിരുന്നു. എന്നാല്‍ പിഴച്ചത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലായിരുന്നു.

ആ മത്സരത്തില്‍ അവര്‍ 153ന് ഓള്‍ ഔട്ടായി. ഞങ്ങളുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. മറുപടി ബാറ്റിങ്ങില്‍ പത്ത് ഓവറില്‍ 94ന് ഒന്ന് എന്ന നിലയിലായിരുന്നു ഞങ്ങള്‍. എന്നാല്‍ അടുത്ത മൂന്ന് ഓവറില്‍ കളി നഷ്ടമായി.

അവിടെ നിന്നുമാണ് ഞങ്ങളുടെ മൊമെന്റം നഷ്ടപ്പെടാന്‍ തുടങ്ങിയത്. അശ്വിനും ബട്‌ലറും സഞ്ജുവും എല്ലാം പറഞ്ഞത് അണ്ണാ ഇവിടെ നിന്നുമായിരിക്കും നമുക്ക് മൊമെന്റം നഷ്ടപ്പെട്ടു തുടങ്ങിയത് എന്നാണ്.

എല്ലാ ടീമിനും ഒരു മോശം മത്സരമുണ്ടായേക്കാം, എന്നാല്‍ ഞങ്ങള്‍ക്കത് രണ്ടെണ്ണമായിരുന്നു. ഒരു മോശം മത്സരവും വന്നു, ഒരു മോശം പന്തും ഉണ്ടായിരുന്നു.

പത്ത് ഓവറില്‍ ഓള്‍ ഔട്ടായ ഒരു മത്സരമുണ്ടായിരുന്നു (റോയല്‍ ചലഞ്ചേഴ്‌സിനെതിരെ) അതായിരുന്നു ബാഡ് ഗെയിം. അതിന് ശേഷം അവസാന ബോള്‍ നോ ബോളാവുകയും സിക്‌സറടിച്ച് എതിരാളികള്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) വിജയിക്കുകയും ചെയ്ത മത്സരം, അതായിരുന്നു ബാഡ് ബോള്‍,’ രാജാമണി പറഞ്ഞു.

ഐ.പി.എല്‍ 2023ലെ 51ാം മത്സരത്തെ കുറിച്ചാണ് രാജാമണി ബാഡ് ബോള്‍ എന്ന് പറഞ്ഞത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ വിജയിച്ചതിന് ശേഷമായിരുന്നു രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടത്. മത്സരത്തിലെ അവസാന പന്തില്‍ രാജസ്ഥാനെ അട്ടിമറിച്ച് ഹൈദരാബാദ് വിജയം പിടിച്ചടക്കിയത്.

സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ വിജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ 19 റണ്‍സ് നേടിയാണ് സണ്‍റൈസേഴ്‌സ് വിജയം സ്വന്തമാക്കിയത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ ഡബിളോടിയ അബ്ദുള്‍ സമദ് തൊട്ടടുത്ത പന്തില്‍ സിക്സര്‍ നേടി. മൂന്നാം പന്തില്‍ വീണ്ടും ഡബിളോടിയതോടെ മൂന്ന് പന്തില്‍ വിജയിക്കാന്‍ വേണ്ടത് ഏഴ് റണ്‍സ്.

നാലാം പന്തിലും അഞ്ചാം പന്തിലും സിംഗിള്‍. അവസാന പന്തില്‍ സണ്‍റൈസേഴ്സിന് വിജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സ്.

അവസാന പന്തില്‍ ഷോട്ട് കളിച്ച അബ്ദുള്‍ സമദ് ജോസ് ബട്ലറിന്‍റെ കയ്യില്‍ ഒടുങ്ങിയതോടെ സവായ് മാന്‍സിങ് സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചിരുന്നു.

എന്നാല്‍ ആ ഡെലിവെറി ഓവര്‍ സ്റ്റെപ്പിങ്ങിന്റെ പേരില്‍ നോ ബോള്‍ എന്ന് വിധിയെഴുതിയതോടെ അവസാന പന്തില്‍ നാല് റണ്‍സ് എന്ന് വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കപ്പെട്ടു. സണ്‍റൈസേഴ്സ് ഇന്നിങ്സിന്റെ 120ാം പന്തില്‍ സിക്സര്‍ പറത്തിയ അബ്ദുള്‍ സമദ് രാജസ്ഥാന്റെ അന്തകനാവുകയായിരുന്നു.

ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് കളിക്കാനും ഒരുപക്ഷേ കിരീടം നേടാനും സാധിക്കുമായിരുന്നു.

Content highlight: Rajasthan Royals’ fitness trainer Rajamani about teams bad game

Latest Stories

We use cookies to give you the best possible experience. Learn more