| Sunday, 7th May 2023, 3:33 pm

സ്വന്തമാക്കിയത് വെറും കോമാളിയാക്കാനോ? ചില്ലറക്കാശ് ഇട്ടുവെക്കാനെങ്കിലും ആ സ്വര്‍ണത്തിന്റെ പെട്ടിയെ സഞ്ജു ഉപയോഗിക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 11ാം മത്സരത്തിനാണ് സഞ്ജുവും കൂട്ടരും ഇന്നിറങ്ങുന്നത്. തങ്ങളുടെ കോട്ടയായ സവായ് മാന്‍ സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.

സീസണിലെ ആദ്യ പത്ത് മത്സരം കഴിയുമ്പോള്‍ രാജസ്ഥാന്റെ സ്ഥിതി അല്‍പം പരുങ്ങലിലാണ്. ആദ്യ അഞ്ച് മത്സരം കഴിഞ്ഞപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍, ശേഷമുള്ള അഞ്ച് മത്സരം കഴിഞ്ഞപ്പോഴേക്കും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. പത്ത് മത്സരത്തില്‍ നിന്നും അഞ്ച് വീതം ജയവും തോല്‍വിയുമാണ് ഹല്ലാ ബോല്‍ ആര്‍മിക്കുള്ളത്.

ശേഷിക്കുന്ന നാല് മത്സരത്തില്‍ മൂന്നിലും വിജയിച്ചാല്‍ മാത്രമേ രാജസ്ഥാന് പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കൂ. അതിന് ആദ്യം മറികടക്കേണ്ടത് ഏയ്ഡന്‍ മര്‍ക്രമിന്റെ ഓറഞ്ച് ആര്‍മിയെയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിക്കുമ്പള്‍ ഓരോ ആരാധകനും കാത്തിരിക്കുന്ന ഒരു പേരുണ്ട്. ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ടിന്റെ പേരാണത്. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന റൂട്ടിന് രാജസ്ഥാനെ പടുകുഴിയില്‍ നിന്നും കരകയറ്റാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൂട്ട് വിരാടിനും സ്മിത്തിനും വില്യംസണുമൊപ്പം ഫാബ് ഫോറിലെ അംഗം കൂടിയാണ്. എന്നാല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലും തന്നെക്കൊണ്ട് കരുത്ത് കാട്ടാന്‍ സാധിക്കുമെന്ന് പലകുറി തെളിയിച്ചാണ് റൂട്ട് ഐ.പി.എല്ലിനെത്തിയത്.

ഐ.പി.എല്ലിന്റെ കൗണ്ടര്‍പാര്‍ട്ടായ ഐ.എല്‍ ടി-20യിലെ തകര്‍പ്പന്‍ പ്രകടനമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ടൂര്‍ണമെന്റില്‍ ദുബായ് ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്ന റൂട്ട് കളിച്ച നാല് മത്സരത്തില്‍ നിന്നും. 53.50 എന്ന ശരാശരിയില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് അര്‍ധ സെഞ്ച്വറികളുള്‍പ്പെടെയാണ് താരം റണ്‍സ് നേടിയത്.

മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ എം.ഐ എമിറേറ്റ്സിനെതിരായ മത്സരത്തിലാണ് റൂട്ട് തന്റെ സ്ഫോടനാത്മക പ്രകടനം പുറത്തെടുത്തത്. 54 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും മൂന്ന് സിക്സറിന്റെയും അകമ്പടിയോടെ 82 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. 151.85 ആണ് മത്സരത്തില്‍ താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

ടൂര്‍ണമെന്റില്‍ ഇതിന് മുമ്പ് നടന്ന മത്സരങ്ങളിലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ റൂട്ടിന് സാധിച്ചിട്ടുണ്ട്. മോയിന്‍ അലിയുടെ ഷാര്‍ജ വാറിയേഴ്‌സിനെതിരെ 54 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 80 റണ്‍സും ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.

ഇത്രത്തോളം അനുഭവ സമ്പത്തുള്ള റൂട്ടിനെ ടീമിലെത്തിച്ച ശേഷം സ്‌പോണ്‍സര്‍മാരുടെ പ്രൊമോഷന് വേണ്ടിയുള്ള റീല്‍സിടാന്‍ വേണ്ടി മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ഉപയോഗിച്ചത്.

തന്നെക്കാളും മോശം പ്രകടനം കാഴ്ചവെക്കുന്നവരെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയും ഇംപാക്ട് പ്ലെയറായി കളത്തിലിറക്കുകയും ചെയ്യുമ്പോള്‍ മറ്റേത് സീനിയര്‍ താരത്തിനും ഉണ്ടായേക്കാവുന്ന ഈഗോയുടെ പ്രശ്‌നം പോലുമില്ലാതെ അയാള്‍ ടീമിനൊപ്പം എല്ലായ്‌പ്പോഴും നിലകൊള്ളുകയാണ്. സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ആര്‍ക്കെങ്കിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ യോഗ്യതയുണ്ടെങ്കില്‍ അത് റൂട്ടിനായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlight:  Rajasthan Royals fans demand to play Joe Root

We use cookies to give you the best possible experience. Learn more