| Saturday, 23rd April 2022, 6:07 pm

പോയിന്റ് ടേബിളിലും ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല സമസ്തമേഖലകളിലും സമഗ്രാധിപത്യം; ആവേശമായി രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസത്തെ മത്സരത്തിലെ മിന്നുന്ന ജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ഒരിക്കല്‍ക്കൂടി പോയിന്റെ പട്ടികയുടെ തലപ്പത്തെത്തിയിരിക്കുകയാണ്. ഐ.പി.എല്‍ പുതിയ സീസണിലെ ഏറ്റവുമുയര്‍ന്ന ടീം സ്‌കോര്‍ സ്വന്തമാക്കിയാണ് രാജസ്ഥാന്‍ ദല്‍ഹിക്കെതിരെ ആഞ്ഞടിച്ചത്.

കേവലം പോയിന്റ് പട്ടികയില്‍ മാത്രമല്ല, ഐ.പി.എല്ലിന്റെ എല്ലാ മേഖലകളിലും സമഗ്രാധിപത്യം പുലര്‍ത്തിയാണ് രാജസ്ഥാന്‍ റോയല്‍സും സഞ്ജു സാംസണും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാവുന്നത്.

ഏറ്റവുമധികം റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് നേടുന്നതിന്റെ പര്‍പ്പിള്‍ ക്യാപ്പും രാജസ്ഥാന്റെ പക്കലാണ്.

ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് സെഞ്ച്വറിയടക്കം 491 റണ്‍സ് നേടിയാണ് രാജസ്ഥാന്റെ ഓപ്പണര്‍ ജോസ് ബട്‌ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. രണ്ടാമതുള്ള ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയക്ക് 295 റണ്‍സാണുള്ളത്, ഏതാണ്ട് 200 റണ്‍സോളം പിന്നില്‍.

81.83 ആവറേജിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 3 സെഞ്ച്വറിയും 2 അര്‍ധസെഞ്ച്വറിയുമടക്കമാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 161.51 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ഈ നേട്ടത്തിലെത്തിയത്.

ഏഴ് മത്സരത്തില്‍ നിന്നുതന്നെ 18 വിക്കറ്റ് നേടിയാണ് യുസ്വേന്ദ്ര ചഹല്‍ പര്‍പ്പിള്‍ ക്യാപ്പിനുടമയായത്. 28 ഓവറാണ് താരം ഏഴ് മത്സരത്തില്‍ നിന്നുമായി എറിഞ്ഞത്. നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടവും ഒരോ തവണ ചഹല്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ, മോസ്റ്റ് വാല്യുബിള്‍ താരവും രാജസ്ഥാനില്‍ നിന്നുതന്നെയാണ്. 222 പോയിന്റുമായായി ജോസ് ബട്‌ലര്‍ തന്നെയാണ് പട്ടികയിലെ ഒന്നാമന്‍.

ഫെയര്‍ പ്ലേ അവാര്‍ഡിലും രാജസ്ഥാന്‍ തന്നെയാണ് മുന്നില്‍. ഏഴ് മത്സരത്തില്‍ നിന്നും 71 പോയിന്റുമായി മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് രാജസ്ഥാന്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്.

ഇതിന് പുറമെ ഏറ്റവുമധികം ബൗണ്ടറിയും ഏറ്റവുമധികം സിക്‌സ്‌റും ജോസേട്ടന്റെ പേരിലാണ്. 41 ഫോറും 32 സിക്‌സറുമാണ് ബട്‌ലര്‍ ഏഴ് മത്സരത്തില്‍ നിന്നും അടിച്ചുകൂട്ടിയത്. ഏറ്റവുമധികം സിക്‌സടിച്ചവരുടെ പട്ടികയിലെ രണ്ടാമനും രാജസ്ഥാന്‍ താരമാണ്. ഷിംറോണ്‍ ഹെറ്റ്‌മെയറാണ് പട്ടികയിലെ രണ്ടാമന്‍.

മൂന്ന് സെഞ്ച്വറിയുമായി നൂറടിച്ചവരുടെ പട്ടികയിലും ബട്‌ലര്‍ തന്നെയാണ് ലീഡ് റണ്ണര്‍. ഒറ്റ സെഞ്ച്വറിയുമായി പട്ടികയില്‍ പിന്നെയുള്ളത് ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ മാത്രമാണ്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യ സീസണില്‍ നേടിയ കിരീടം ഒരിക്കല്‍ കൂടി പിങ്ക് സിറ്റിയുടെ കവാടത്തിലേത്തിക്കാനാണ് സഞ്ജുവും കൂട്ടരും ഒരുങ്ങുന്നത്.

Content Highlight: Rajasthan Royals dominates in IPL 2022

We use cookies to give you the best possible experience. Learn more