| Monday, 16th May 2022, 9:35 am

ഇതാണ് സഞ്ജു, ഇതാണ് രാജസ്ഥാന്‍; 'ഉത്തരേന്ത്യന്‍' വിമര്‍ശകരുടെ വായടപ്പിച്ച് റോയലായി പ്ലേ ഓഫിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തരിപ്പണമാക്കി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് തൊട്ടരികെ. 24 റണ്‍സിന്റെ വമ്പന്‍ വിജയത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ രണ്ടാമതും, പ്ലേ ഓഫിന് തൊട്ടരികിലേക്കും എത്തിയത്.

13 മത്സരത്തില്‍ നിന്നും 8 ജയത്തോടെ 16 പോയിന്റാണ് രാജസ്ഥാനുള്ളത്. 13 മത്സരത്തില്‍ നിന്നും എട്ട് കളി തന്നെയാണ് സൂപ്പര്‍ ജയന്റ്‌സും ജയിച്ചതെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് റോയല്‍സ് രണ്ടാമതെത്തിത്.

10 ജയവുമായി 20 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ഏക ടീം.

ടോസ് ഭാഗ്യം കടാക്ഷിച്ച സഞ്ജു മറിച്ചൊന്നും ചിന്തിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി കളത്തിലിറങ്ങിയ ബാറ്റര്‍മാര്‍ ഒന്നൊഴിയാതെ തകര്‍ത്തടിച്ചപ്പോള്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ മാത്രമാണ് തെല്ലൊന്ന് നിരാശപ്പെടുത്തിയത്.

മൂന്നാം ഓവറില്‍ ടീം സ്‌കോര്‍ 11ല്‍ നില്‍ക്കവെ ആറ് പന്തില്‍ നിന്നും രണ്ട് റണ്‍സ് എടുത്ത് നില്‍ക്കവെയായിരുന്നു ബട്‌ലറിന്റെ മടക്കം. ആവേശ് ഖാനായിരുന്നു താരത്തെ മടക്കിയത്. എന്നാല്‍ ഫോമിലേക്ക് മടങ്ങിയെത്തിയ സഹ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ സഞ്ജുവും ദേവ്ദത്തും ആഞ്ഞടിച്ചതോടെ കളിയുടെ ഗതി മാറുകയായിരുന്നു.

ജെയ്‌സ്വാള്‍ 29 പന്തില്‍ നിന്നും 41 റണ്‍സടിച്ചപ്പോള്‍, ക്യാപ്റ്റന്‍ സഞ്ജു 24 പന്തില്‍ 32ഉം പടിക്കല്‍ 18 പന്തില്‍ നിന്നും 39ഉം റണ്‍സ് സ്വന്തമാക്കി.

പിന്നാലെയെത്തിയ നീഷമും പരാഗും ബോള്‍ട്ടും അശ്വിനും തങ്ങളുടെ മികവ് പുറത്തെടുത്തുപ്പോള്‍ ടീം സ്‌കോര്‍ 178ലേക്ക് ഉയര്‍ന്നു.

ലഖ്‌നൗവിനായി വി ബിഷ്‌ണോയി രണ്ടും ആയുഷ് ബദോനിയും ആവേശ് ഖാനും ഹോള്‍ഡറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന് കാര്യങ്ങള്‍ അത്രകണ്ട് പന്തിയായിരുന്നില്ല. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണ ലഖ്‌നൗവിന്റെ നില പരുങ്ങലിലാവുകയായിരുന്നു. എന്നാല്‍ സീസണിലെ നാലാം അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ദീപക് ഹൂഡ ഒരറ്റത്ത് നിന്നും ടീമിന് പ്രതീക്ഷ നല്‍കിക്കൊണ്ടിരുന്നു.

39 പന്തില്‍ നിന്നും 59 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ക്രുണാല്‍ പാണ്ഡ്യയും സ്റ്റോയിന്‍സും ചേര്‍ന്ന് ഒരു ചെറുത്ത് നില്‍പിന് ശ്രമിച്ചങ്കിലും മറ്റ് ബാറ്റര്‍മാരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ ഒന്നും നടക്കാതെ പോവുകയയായിരുന്നു. പാണ്ഡ്യ 25ഉം സ്റ്റോയിന്‍സ് 27 റണ്‍സുമാണെടുത്തത്.

തുടര്‍ന്നു വന്ന ബാറ്റര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലാതെ വന്നപ്പോള്‍ 20 ഓവറില്‍ 154 റണ്‍സിന് ലഖ്‌നൗ പോരാട്ടം അവസാനിപ്പിച്ചു.

രാജസ്ഥാന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റും നേടിയിരുന്നു. ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും ഒബെഡ് മക്കോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോല്‍, ചഹലും അശ്വിനും ഓരോ വിക്കറ്റും സ്വന്തമാക്കി.

നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബോള്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടാണ് രാജസ്ഥാന്റെ അടുത്ത മത്സരം. അതില്‍ പരാജയപ്പെട്ടാലും ആദ്യ നാലില്‍ തന്നെ ഉണ്ടാവുമെന്നതിനാല്‍ രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിച്ച മട്ടാണ്.

Content Highlight: Rajasthan Royals defeats Lucknow Super Giants, IPL 2022

We use cookies to give you the best possible experience. Learn more