| Sunday, 16th April 2023, 11:32 pm

തോല്‍ക്കാന്‍ മനസില്ലാത്ത ക്യാപ്റ്റനും ക്യാപ്റ്റന് തുണയായി ഹെറ്റിയും; ജി.ടിയുടെ ശവക്കോട്ട തകര്‍ത്ത് രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആത്യധികം ആവേശമുയര്‍ത്തിയ ഐ.പി.എല്‍ 2022 ഫൈനലിന്റെ റീ മാച്ചില്‍ വിജയം പിടിച്ചടക്കി രാജസ്ഥാന്‍ റോയല്‍സ്. തോല്‍വിയുറപ്പിച്ചിടത്ത് നിന്നും ഉയിര്‍ത്തെഴുന്നേല്‍റ്റാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

ജോസ് ബട്ലര്‍ അഞ്ച് പന്ത് നേരിട്ട് റണ്‍സൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ ഏഴ് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായാണ് ജെയ്സ്വാള്‍ പുറത്തായത്. മൂന്നാമനായി കളത്തിലിറങ്ങി 25 പന്തില്‍ നിന്നും 26 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെയും വിക്കറ്റും വീണതോടെ രാജസ്ഥാന്‍ നിന്ന് പരുങ്ങി.

നാലാം നമ്പറിലിറങ്ങി സെന്‍സിബിള്‍ ഇന്നിങ്സ് കളിച്ച സഞ്ജു ഒരുവേള 18 പന്ത് നേരിട്ട് വെറും 20 റണ്‍സായിരുന്നു സ്വന്തമാക്കിയത്. എന്നാല്‍ തുടര്‍ന്നങ്ങോട്ട് അറ്റാക്കിങ് മോഡിലേക്ക് ചുവടുമാറ്റിയ സഞ്ജുവിനെയായിരുന്നു ഗുജറാത്ത് കണ്ടത്.

13ാം ഓവറില്‍ റാഷിദ് ഖാനെ തുടര്‍ച്ചയായി മൂന്ന് സിക്‌സറിന് പറത്തി സഞ്ജു രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

നേരിട്ട 29ാം പന്തില്‍ സിംഗിള്‍ നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സഞ്ജു നേരിട്ട അടുത്ത പന്തില്‍ സിക്സറും ബൗണ്ടറിയും നേടിയിരുന്നു. ഇംപാക്ട് പ്ലെയറായെത്തിയ നൂര്‍ അഹമ്മദിന്റെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജു മടങ്ങിയത്.

ഒരുവശത്ത് സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ഫിനിഷറുടെ റോളിലെത്തിയ ഹെറ്റ്‌മെയറായിരുന്നു ആരാധകരുടെ മനം കവര്‍ന്നത്. സഞ്ജു പുറത്തായതോടെ മത്സരം വിജയിച്ചെന്നുറപ്പിച്ച ഗുജറാത്ത് ആരാധകരുടെ മനസില്‍ ഇടിത്തീ വീഴ്ത്തിക്കൊണ്ടാണ് ഹെറ്റ്‌മെയര്‍ തകര്‍ത്തടിച്ചത്.

സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ധ്രുവ് ജുറെലും തകര്‍ത്തടിച്ചു. 10 പന്തില്‍ നിന്നും 18 റണ്‍സ് നേടിയാണ് ജുറെല്‍ മടങ്ങിയത്.

ശേഷം ക്രീസിലെത്തി ആദ്യ പന്തില്‍ തന്നെ ഷമിയെ ബൗണ്ടറിയടിച്ച് മത്സരത്തിന് ആവേശം കൂട്ടിയ അശ്വിന്‍ തൊട്ടടുത്ത പന്തില്‍ സിക്‌സറിച്ച് ആവേശം ഇരട്ടിയാക്കിയിരുന്നു. എന്നാല്‍ മൂന്നാം പന്തില്‍ തേവാട്ടിയക്ക് ക്യാച്ച് നല്‍കി അശ്വിന്‍ മടങ്ങിയിരുന്നു.

അവസാന ഓവറില്‍ വിജയിക്കാന്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ നൂര്‍ അഹമ്മദിന്റെ ആദ്യ പന്തില്‍ ഡബിളോടി ഹെറ്റ്‌മെയര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. തൊട്ടടുത്ത പന്തില്‍ സിക്‌സറടിച്ച് ഹെറ്റ്‌മെയര്‍ ഗുജറാത്തില്‍ മത്സരം നിന്നും പിടിച്ചടക്കുകയായിരുന്നു.

ടൈറ്റന്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും രാജസ്ഥാന് സാധിച്ചു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഗുജറാത്ത് ടൈറ്റന്‍സിനോട് വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന കളങ്കം ഇതോടെ തീര്‍ക്കാനും രാജസ്ഥാന് സാധിച്ചു.

Content highlight: Rajasthan Royals defeated Gujarat Titans

We use cookies to give you the best possible experience. Learn more