| Thursday, 27th April 2023, 11:25 pm

പ്രതികാരം അടുത്ത സീസണിലോ പ്ലേ ഓഫിലോ ചെയ്താല്‍ കൊഴപ്പമുണ്ടോ? എസ്.എം.എസ്സില്‍ തലകുനിച്ച് ധോണി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 37ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 32 റണ്‍സിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. സീസണില്‍ ഇത് രണ്ടാം തവണയാണ് സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് പരാജയപ്പെടുന്നത്.

നേരത്തെ തങ്ങളുടെ തട്ടകമായ ചെപ്പോക്കിലെത്തി തങ്ങളെ തോല്‍പിച്ചതിന്റെ പ്രതികാരം തീര്‍ക്കാമെന്നുറച്ചാണ് ധോണിയും സംഘവും ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലേക്കിറങ്ങിയത്. എന്നാല്‍ ധോണിക്കും സംഘത്തിനും മുമ്പില്‍ ഒരു പറ്റം യുവതാരങ്ങളും സ്പിന്നര്‍മാരും നെഞ്ച് വിരിച്ച് നിന്നപ്പോള്‍ തോല്‍വി വഴങ്ങാനായിരുന്നു സി.എസ്.കെയുടെ വിധി.

ടോസ് നേടിയ ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് സ്വന്തമാക്കിയത്. യശസ്വി ജെയ്‌സ്വാളിന്റെയും ധ്രുവ് ജുറെലിന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലേക്കുയര്‍ന്നത്.

203 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രാജസ്ഥാന്‍ സ്‌കോര്‍ ചെയ്തതുപോലെ പവര്‍പ്ലേയില്‍ അടിച്ചുകളിക്കാന്‍ സാധിക്കാതെ വന്നതോടെ തന്നെ ചെന്നൈയുടെ വിധി ഏതാണ്ട് കുറിക്കപ്പെട്ട മട്ടായിരുന്നു. എങ്കിലും പൊരുതാനുറച്ച ശിവം ദുബെ അടക്കമുള്ള താരങ്ങള്‍ സി.എസ്.കെ നിരയില്‍ കരുത്തായി.

29 പന്തില്‍ നിന്നും 47 റണ്‍സുമായി ഋതുരാജ് ഗെയ്ക്വാദും 33 പന്തില്‍ നിന്നും 52 റണ്‍സുമായി ശിവം ദുബെയും ശ്രമിച്ചെങ്കിലും വിജയിക്കാന്‍ അത് മതിയാകാതെ വരികയായിരുന്നു.

രാജസ്ഥാനായി ആദം സാംപ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്‍. അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ കുല്‍ദീപ് യാദവ് മികച്ച പ്രകടനം കാഴ്ചവെച്ചു. മൂന്ന് ഓവര്‍ പന്തെറിഞ്ഞ് 18 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് താരം വീഴ്ത്തിയത്.

ഐ.പി.എല്ലിലെ 200ാം മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ തങ്ങളുടെ ഹോം സ്‌റ്റേഡിയത്തിലെ ഏറ്റവും മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തിലെ ആദ്യ 200+ ടോട്ടലാണ് ചെന്നൈക്കെതിരെ പിറന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാനായി. എട്ട് മത്സരത്തില്‍ നിന്നും അഞ്ച് വിജയവും മൂന്ന് തോല്‍വിയുമായി പത്ത് പോയിന്റാണ് രാജസ്ഥാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനും പത്ത് പോയിന്റാണ് ഉള്ളതെങ്കിലും നെറ്റ് റണ്‍ റേറ്റാണ് രാജസ്ഥാന് തുണയായത്.

Content highlight: Rajasthan Royals defeated CSK twice in this season

We use cookies to give you the best possible experience. Learn more