ബട്ലറിന്റെ സെഞ്ച്വറിയല്ല, ഇതാണ് ചരിത്രസെഞ്ച്വറി; രാജസ്ഥാൻ തകർത്തെറിഞ്ഞത് ബെംഗളൂരൂവിന്റെ ആരുംതൊടാത്ത റെക്കോഡ്
Cricket
ബട്ലറിന്റെ സെഞ്ച്വറിയല്ല, ഇതാണ് ചരിത്രസെഞ്ച്വറി; രാജസ്ഥാൻ തകർത്തെറിഞ്ഞത് ബെംഗളൂരൂവിന്റെ ആരുംതൊടാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th April 2024, 4:59 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആറാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡൻ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ചെയ്‌സ് ചെയ്ത് വിജയിച്ച മത്സരങ്ങളില്‍ ആറ് വിക്കറ്റുകള്‍ നഷ്ടമായതിന് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീം എന്ന നേട്ടമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ രാജസ്ഥാന്‍ ബാറ്റിങ് 121ല്‍ നില്‍ക്കേയാണ് രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടമായത്. ഇതിന് ശേഷം 103 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ 91 റണ്‍സാണ് രാജസ്ഥാന്‍ മറികടന്നത്.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ലറിന്റെ ഒറ്റയാള്‍ പ്രകടനമാണ് രാജസ്ഥാനെ ജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടി കൊണ്ടായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 178.33 സ്ട്രൈക്ക് റേറ്റില്‍ ഒമ്പത് ഫോറുകളും ആറ് സിക്സുകളുമാണ് താരം നേടിയത്. റിയാന്‍ പരാഗ് 14 പന്തില്‍ 34 റണ്‍സും പവല്‍ 26 റണ്‍സും നേടി നിര്‍ണായകമായി.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും ആറു വിജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 22ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Rajasthan Royals create a new record in IPL